"ചങ്ങമ്പുഴ കൃഷ്ണപിള്ള
എഴുതിയ കാവ്യനർത്തകി എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള ഏതാനും വരികളാണ് ഞാൻ ഇവിടെ ഉദ്ധരിക്കുന്നത്"
യുവജനോത്സവത്തിൽ ഒരു അഞ്ചാം ക്ലാസ്സുകാരന്റെ ശബ്ദം ബിഷപ്പ് ഹോഡ്ജസ് സ്കൂൾ ഓഡിറ്റോറിയത്തിൽ മുഴങ്ങി.
"കനകച്ചിലങ്ക
കിലുങ്ങിക്കിലുങ്ങീ, കാഞ്ചന കാഞ്ചി കുലുങ്ങിക്കുലുങ്ങീ-
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങീ, കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ
തങ്ങീ"
ഒമ്പതാം ക്ലാസ്സുകാരുടെ
മലയാളം പാഠത്തിലെ കവിത കാണാതെ പഠിച്ചു ഒരു കഥാപ്രസംഗം പോലെ ഞാൻ ചൊല്ലി.
ഇനി എന്റെ കവിത കേട്ടിട്ടാവുമോ
എന്നറിയില്ല സ്റ്റേജിൽ നിന്ന് നോക്കുമ്പോ പ്രിൻസിപ്പാളും പള്ളീലച്ചനുമൊക്കെ ഞെട്ടിയിരിക്കുന്നു.
പാടി തീർന്നു കഴിഞ്ഞപ്പോൾ
കയ്യടിയെക്കാൾ ഉച്ചത്തിൽ ഉയർന്നു പൊങ്ങിയത് ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ആയിരുന്നു.
കൂട്ടത്തിൽ ഓഡിറ്റോറിയത്തിന്റെ പുറകിലത്തെ ഒരു കോണിൽ നിന്നു മാത്രം ഉച്ചത്തിലുള്ള കരഘോഷവും.
അതെ 10E ഡിവിഷനിലെ ചേട്ടന്മാർ. എന്റെ ചേട്ടന്റെ ക്ലാസ്സ്. നരസിംഹം എന്നു ഇരട്ടപ്പേരുള്ള
(ശരിക്കുമുള്ള പേരു ഞാൻ മറന്നു പോയി) ഒരു ടീച്ചർ ആയിരുന്നു അവരുടെ ക്ലാസ്സ് ടീച്ചർ.
ഇതെന്ത് കണ്ടിട്ടാ ഇവന്മാർ മാത്രം കയ്യടിക്കുന്നത് എന്ന ഭാവത്തിൽ ടീച്ചർ ഒന്നു തിരിഞ്ഞു
നോക്കിയതോടെ അവരും നിറുത്തി കയ്യടി.
ഒരു ദിവസം ക്ലാസ്സിൽ
പാടാൻ വിളിച്ചപ്പോൾ സണ്ഡേ സ്കൂളിൽ പഠിപ്പിച്ച
"കോഴീ നീ നെല്ല്
തിന്നരുതേ " എന്ന പാട്ടു പാടിയതിന്റെ പേരിൽ 'കോഴി' എന്ന ഇരട്ടപ്പേര് പത്താം ക്ലാസ്സു
വരെയും ചുമക്കേണ്ടി വന്ന റോബിൻ രാജു ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ് ലീഡർ.
പക്ഷെ ഈ പാട്ടു പാടിയതിന്റെ
പേരിൽ ആരും എന്നെ 'കനകേ' എന്ന് വിളിച്ചില്ല. കാരണം സ്കൂളിൽ വന്നതിന്റെ പിറ്റേ ആഴ്ച്ച
തന്നെ മനു സി പിള്ള എന്ന എന്റെ പേര് 'മണുങ്ങു പിള്ള' എന്നാക്കി ചുരുക്കി നീട്ടി വിളിച്ചു
കഴിഞ്ഞിരുന്നു പിള്ളേർ.
എന്തായാലും ആ കരഘോഷത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട് അന്ന് വൈകുന്നേരം
വീട്ടിലെത്തിയപ്പോ ആദ്യമായി ചേച്ചിയോട് ഞാനാ സത്യം വെളിപ്പെടുത്തി.
"എനിക്ക് വലുതാകുമ്പോൾ
ഒരു കവി ആകണം"
"എന്നിട്ടെന്നാത്തിനാ
ഇതുപോലെ ഓഡിറ്റോറിയങ്ങൾ നെടുവീർപ്പുകൾ കൊണ്ട് നിറക്കാനോ! വല്ല നല്ല കാര്യങ്ങളും ചെയ്തു
കൂടെ നിനക്ക്?"
"എന്ത് നല്ല
കാര്യം?" എന്റെ നിഷ്കളങ്കമായ സംശയം
"അതോ. എന്നെ നോക്ക്. ഞാൻ വലുതാവുമ്പോ
മിഷനറീസിൽ ചേരും."
"അതെന്തുവാ?"
"എന്നു വെച്ചാൽ
സാമൂഹ്യപ്രവർത്തനം. നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല" ഇതും പറഞ്ഞ് പോയി ചേച്ചി
പഠിക്കാൻ പുസ്തകം എടുത്തു. ഞാൻ അവിടെയിരുന്നു ഭാവിയെപ്പറ്റി തലപുകഞ്ഞാലോചിച്ചു.
പിറ്റേന്ന് ക്ലാസ്സിൽ
ഒരു പ്രഖ്യാപനവും നടത്തി.
"ഞാൻ വലുതാവുമ്പോൾ
ഫിഷറീസിൽ ചേരും!"
ആർക്കും ഒന്നും മനസ്സിലായില്ല.
"അതെന്തുവാ ഈ
ഫിഷറീസ്?" സിജു ചോദിച്ചു.
"എന്നു വെച്ചാൽ
സാമൂഹ്യപ്രവർത്തനം. നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല"
എല്ലാവരും കണ്ണും
മിഴിച്ചിരിക്കുന്നു.
പക്ഷെ കൂട്ടത്തിൽ
ഒരാൾ മാത്രം ഉറക്കെ ചിരിച്ചു.
റിജോ രാജൻ! എന്നിട്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"എടാ മണ്ടാ അത്
മിഷനറീസ്. ഫിഷറീസ് ന്നു വെച്ചാ മീൻപിടുത്തവാ"..
ഞങ്ങൾക്കും അറിയാമാരുന്നു
പക്ഷെ മിണ്ടാഞ്ഞതാ എന്ന ഭാവത്തിൽ ബാക്കി എല്ലാരും ചിരി തുടങ്ങി. അഞ്ചു മുതൽ പത്തു
വരെ ക്ലാസ്സിൽ ഒന്നാം റാങ്കിന്റെ പേറ്റന്റ് സ്വന്തമാക്കിയ ശരണ്യ ശേഖർ വരെ.
നീ എന്നെ കളിയാക്കും അല്ലേ.
നീ എന്നെ കളിയാക്കും അല്ലേ.
റിജോ രാജനു മേലുള്ള
എന്റെ പക ആളിക്കത്തി. അന്ന് ഉച്ചക്ക് പോലീസും കള്ളനും കളിക്കുമ്പോൾ അവനുള്ള പണി കൊടുക്കാൻ തന്നെ
ഞാൻ ഉറച്ചു.
ചോറുണ്ടു കഴിഞ്ഞ്
അറ്റീ സിറ്റീ എണ്ണിത്തിരിച്ചപ്പോൾ എന്റെ ഭാഗ്യം പോലെ തന്നെ റിജോ കള്ളന്മാരുടെ കൂട്ടത്തിൽ
വന്നു. ഞാൻ പോലീസും. ഇന്ന് ഇവനെ ഓടിച്ചിട്ട് പിടിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ
രണ്ട് ഇടി കൊടുക്കണം എന്നു ഞാൻ ഉന്നം വെച്ചു. അല്ലെങ്കിൽ രണ്ട് ചവിട്ട്. പോലീസിന് കള്ളന്മാരെ എന്തും ചെയ്യാമല്ലോ.
കള്ളന്മാർ
ഓട്ടം തുടങ്ങി. ഞങ്ങൾ പോലീസുകാർ
പുറകേയും. റിജോ എന്നെക്കാൾ ഒരുപാട്
മുന്നിലായിരുന്നിട്ടും ഞാൻ അവനെ
മാത്രം ലക്ഷ്യം
വെച്ച് ഓടി. ഇടക്ക് അവൻ
സ്കൂൾ മുറ്റത്തെ ബദാം മരത്തിന്റെ
വലിയ വേരുകളിലൊന്നിൽ തട്ടി
വീണതു കാരണം എനിക്ക് കൂടുതൽ
അടുത്തെത്താൻ പറ്റി. എന്നെക്കണ്ട പാടെ
മണലിൽ നിന്നെണീറ്റു റിജോ വീണ്ടും ഓട്ടം
തുടങ്ങി. പക്ഷെ അവൻ അധികം
വേഗത്തിലാകും മുമ്പേ എനിക്ക് ഷർട്ടിൽ
പിടുത്തം കിട്ടി. കിട്ടിയ പിടിയിൽ
അവനെ വലിച്ച് താഴെയിടാനായി
ഞാൻ ഷർട്ട് പിടിച്ചു
ആഞ്ഞൊരു വലി കൊടുത്തു.
നോക്കിയപ്പോ ഷർട്ടിന്റെ തുണി മാത്രം
താഴെ കിടക്കുന്നു.അതാ സിനിമാ നടിമാരുടെ ബ്ലൌസ് പോലെ തുറന്ന പുറവുമായി
റിജോ ഓടുന്നു.
അതിനിടെ തന്റെ പുറകിൽ എയർ സർക്കുലേഷൻ കൂടുന്നത് തിരിച്ചറിഞ്ഞ റിജോ ഒന്നു നിന്നു.
തിരിഞ്ഞു നോക്കി.
തന്റെ ഷർട്ടിന്റെ അവസ്ഥ മനസ്സിലാക്കിയ ആ ഉണ്ടക്കണ്ണുകൾ കൂടുതൽ വികസിച്ചു. കൊടുക്കാൻ ഉദ്ദേശിച്ച ഇടി തിരിച്ച് എനിക്കിട്ട് തന്നെ വരുമെന്ന് മനസ്സിലാക്കിയ എന്റെ ചങ്കും ഒന്ന് പിടഞ്ഞു.
പോലീസ് കള്ളനും കള്ളൻ പോലീസുമായി.
ഞാൻ തിരിഞ്ഞോടാൻ തുടങ്ങുമ്പോ പിന്നെ കേട്ടത് അവന്റെ കരച്ചിലാരുന്നു.
ടീച്ചറിനോട്
പറയാതിരിക്കാൻ പോലീസ് കള്ളന്റെ കാലു
പിടിച്ചു നോക്കി. ഒടുക്കം കള്ളൻ
കനിഞ്ഞു. അവൻ പറഞ്ഞില്ല.
പക്ഷെ പിടിച്ചേലും വലുത് മാളത്തിൽ എന്ന്
ഞാനുണ്ടോ അറിയുന്നു.
പിറ്റേന്ന്
അവൻ മമ്മിയേയും കൊണ്ട്
വന്നു. ഞങ്ങടെ ക്ലാസ്സ് ടീച്ചർ
ശാന്തമ്മ ടീച്ചർ ടീച്ചറിനേക്കാൾ നീളത്തിലുള്ള
ഒരു വടിയുമായി വന്നു.
റിജോയുടെ മമ്മി കാണാൻ എനിക്കൊരു
അടിയും തന്നു.
നമ്മളിതൊക്കെ
എത്ര കൊണ്ടതാ.
"വെറുതെയാ
ആ ശബ്ദം മാത്രവേ
ഒള്ളാരുന്നു. ഒട്ടും വേദനിച്ചില്ല. അല്ലേലും
ശാന്തമ്മ ടീച്ചർക്ക്
എന്നോട് ഒരു പ്രത്യേക
സ്നേഹവാ" ഞാൻ അടുത്തിരുന്ന
മോൻസിയോട് പറഞ്ഞു.
മോൻസിയെ ഓർമ്മയില്ലേ? നമ്മുടെ പഴയ കഥയിലെ ഹീറോ. (ആ കഥ വായിക്കുവാൻ ഇവിടെ ക്ലിക്കുക)
മോൻസിയെ ഓർമ്മയില്ലേ? നമ്മുടെ പഴയ കഥയിലെ ഹീറോ. (ആ കഥ വായിക്കുവാൻ ഇവിടെ ക്ലിക്കുക)
തന്നേക്കാൾ വലിയ വടി ആണ് കയ്യിലുള്ളതെങ്കിലും അതിലും വലിയൊരു മനസ്സായിരുന്നു ടീച്ചറിന്റെ ഉള്ളിൽ ഉണ്ടായിരുന്നത്.
ശാന്തമ്മ ടീച്ചറിനെപ്പോലെ കുട്ടികളെ മനസ്സിലാക്കുന്ന അധ്യാപകരെ എന്റെ സ്കൂൾ
ജീവിതത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
പിന്നീട് കോളേജുകളിൽ ഇവരേക്കാൾ അറിവും
വിദ്യാഭ്യാസവും കൂടുതലുള്ള ഒരുപാട് ഫാക്ക്വൽറ്റീസ്
മാറി മാറി വന്നുവെങ്കിലും
തന്റെ വിദ്യാർഥികളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും എന്റെ സ്കൂൾ ടീച്ചർമാർക്കുള്ള
കഴിവ് അവരിൽ ആരിലും
ഞാൻ കണ്ടിട്ടില്ല.
ഉച്ചക്ക് എല്ലാ കുട്ടികളും ചോറുണ്ണുന്ന സമയം എന്റെ ക്ലാസ്സിലെ സുജിത്ത് (പേര് യഥാർത്ഥമല്ല) എന്ന
പയ്യൻ മാത്രം ക്ലാസ്സിൽ ഉണ്ടാകുമായിരുന്നില്ല.
ഉച്ച തിരിഞ്ഞ് ക്ലാസ്സ് തുടങ്ങുമ്പോൾ വീണ്ടും എത്തുന്ന അവൻ എവിടെപ്പോയതാണെന്ന് ഞാനടക്കം ആരുമൊട്ട് തിരക്കാറുമുണ്ടായിരുന്നില്ല. പക്ഷെ ഒരിക്കൽ വീട്ടിലെ
അർദ്ധപട്ടിണി കാരണം കഴിക്കാൻ ഭക്ഷണമില്ലാത്തതു
കൊണ്ട് അവൻ മാറി
നില്ക്കുന്നതാണെന്ന് കണ്ടെത്തിയ ശാന്തമ്മ ടീച്ചർ
അവന് ഭക്ഷണത്തിനുള്ള പൈസ
സ്വന്തം പേഴ്സിൽ നിന്നും എടുത്ത്
കൊടുത്തു. ചില ദിവസങ്ങളിൽ
ക്ലാസ്സിലെ മറ്റു കുട്ടികൾ അവനുകൂടിയുള്ള
ഭക്ഷണം കൊണ്ടുവന്നു കൊടുക്കാൻ ടീച്ചർ ഏർപ്പാട് ചെയ്തു. അതിനു ശേഷം ഒരിക്കൽ പോലും അവന് ഭക്ഷണ സമയങ്ങളിൽ പുറത്തിറങ്ങി പോകേണ്ടി വന്നിട്ടുമില്ല.
അച്ഛൻകോവിലാറിന്റെ തീരത്തായിരുന്നതിനാൽ
കൂടുതലും മണൽ വാരൽ തൊഴിലാളികളുടെ മക്കൾ ആയിരുന്നു എന്റെ സ്കൂളിൽ. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള
സുജിത്ത് മാർ ധാരാളം ഓരോ ക്ലാസ്സിലും ഉണ്ടായിരുന്നു.
അവരുടെ
വിഷമതകൾ കണ്ടറിയാൻ ദൈവം അയച്ചതു പോലെ ഇത്തരത്തിൽ ഒരുപാട് ശാന്തമ്മ ടീച്ചർമാരും.
ആ മധുര സ്മരണകളുടെ കനകച്ചിലങ്കകൾ
എന്റെയുള്ളിൽ വീണ്ടും കിലുങ്ങുന്നു.
മനുഷ്യൻറെ ഏറ്റവും വലിയ ഭീഷണി മനുഷ്യൻ തന്നെയാകുന്ന ഈ കാലഘട്ടത്തിൽ കവി ചങ്ങമ്പുഴ തന്റെ കാവ്യനർത്തകിയുടെ വേർപിരിയലിനെയോർത്ത്
സഹതപിച്ചതു പോലെ നമ്മുടെയുള്ളിലെ നന്മയാകുന്ന ആ കാവ്യ നർത്തകിയോടു നമുക്കും പാടാം.
"പോകുന്നോ നിൻ നൃത്തം
നിർത്തി നീ ദേവീ
പോവല്ലേ പോവല്ലേ പോവല്ലേ
ദേവീ"
സ്നേഹപൂർവ്വം
മനു (മഹാ നുണയൻ)
kollammm manu
ReplyDeletethanks. ishtappettenkil please join my blog
Deleteഞാൻ പൊതുവെ വായന ശീലം കുറഞ്ഞവനാണ് , അത് കൊണ്ടാവാം വളരെ നാളിനു ശേഷം എന്റെ ബാല്യ കാല ഓർമ്മകൾ അയവിറക്കാൻ ഈ ബ്ലോഗിന് സാധിച്ചത്
ReplyDeleteഎന്തായാലും കലക്കി ശ്രീമാൻ തീപ്പൊരി പന്തൽ നോവലിസ്റ്റ് തീ മനു സർ
അയവിറക്കിക്കൊണ്ടിരിക്കാതെ ഇഷ്ട്ടപ്പെട്ടെങ്കിൽ ബ്ലോഗിൽ ജോയിൻ ചെയ്യ് മാഷേ. :D
DeleteNice da...oru 10 -12 varsham purakot poua pole...but lot f things r missing here....
ReplyDelete