Friday, December 6, 2013

അമ്മിണിയുടെ കടിഞ്ഞൂല്‍: ഒരു ആറാം ക്ലാസ്സുകാരന്‍റെ ഓര്‍മ്മ

സ്കൂളില്‍ പോകാന്‍ ഇറങ്ങുന്നേനു മുമ്പ് ഞാന്‍ അമ്മിണിയുടെ മുഖത്തേക്ക് ഒന്നുകൂടെ നോക്കി.
അവളുടെ മുഖത്ത് പതിവില്ലാത്ത ഒരു നാണം കലര്‍ന്ന ചിരി.
എനിക്കാണേല്‍ അതിലേറെ സന്തോഷം.
ഇന്നെന്തേലുമൊക്കെ നടക്കും!
________________________________________________________________________

ഒരിക്കല്‍ സ്കൂള്‍ വിട്ടു വന്നപ്പോഴായിരുന്നു ഞങ്ങള്‍ ആദ്യമായി കാണുന്നത്.
നല്ല വെളുത്ത നിറം.
ചെറിയ ശരീരം.
ശരീരത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ചുവന്ന വലിയ രണ്ടു അമ്മിഞ്ഞകള്‍.
തൂവെള്ള രോമങ്ങള്‍ നിറഞ്ഞ വാല്‍.
ആദ്യമായി കാണുമ്പോള്‍ അവള്‍ തിരിഞ്ഞു നിന്ന് പ്ലാവില തിന്നുകയായിരുന്നു.
ഞാന്‍ അടുത്തു ചെന്നു സ്വാഭാവികമായ ഒരു കൗതുകത്തിന്‍റെ പുറത്ത് ആ വാലില്‍ ഒന്നു തൊട്ടു നോക്കി.
പുള്ളിക്കാരി എന്നെ മൈന്‍ഡ് പോലും ചെയ്യുന്നില്ല.
വയറില്‍ ഒന്നു തടവി നോക്കി.
നോ രക്ഷ.
കറും മുറും.
പ്ലാവിലകള്‍ ഒന്നും രണ്ടുമായി അവളുടെ പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരുന്നു.
ഇതെന്താ! ഞാന്‍ ആ ചുവന്ന അമ്മിഞ്ഞകളില്‍ ഒന്നില്‍ തൊട്ടു നോക്കി.
അടുത്ത ഷോട്ടില്‍ ഞാന്‍ മൂക്കും കുത്തി നിലത്ത്. തല ഉയര്‍ത്തിയപ്പോള്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ നോക്കുന്നു.
ഞങ്ങള്‍ ആദ്യമായി പരസ്പരം കണ്ടു.
പെണ്‍പിള്ളേര്‍ രണ്ടു സൈഡിലേക്കും മുടി പിന്നിയിടുന്ന മാതിരി തലയുടെ രണ്ടു വശത്തുമായി വെളുത്തു നീണ്ട ചെവികള്‍. അതിനു മീതെ കൂര്‍ത്ത രണ്ടു കൊമ്പുകള്‍.
അതിലോരെണ്ണത്തില്‍ എന്‍റെ വെളുത്ത യൂണിഫോം ഷര്‍ട്ടിന്‍റെ കഷണം.
വീണ ശക്തിയില്‍ എന്‍റെ ഷര്‍ട്ടിന്‍റെ തുണി അവള്‍ടെ കൊമ്പില്‍ കുരുങ്ങി കീറിയിരിക്കുന്നു.
പോക്കിരിരാജ സിനിമയില്‍ പ്രിഥ്വിരാജ് മമ്മൂട്ടിയുടെ ഇടിയെപ്പറ്റി പറഞ്ഞതു മാതിരി അവള്‍ ഇടിച്ചതാണെന്നറിയാന്‍ എനിക്കും സ്ലോ മോഷനില്‍ ഒന്നു കൂടെ റീവൈന്റു ചെയ്തു നോക്കേണ്ടി വന്നു.
ഇടി കൊണ്ടതും പോരാ തുണി കീറിയതിന് ഇനി അമ്മയുടെ അടുക്കലും സമാധാനം പറയേണ്ടി വരുമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് പിന്നെയും കറുമുറു ശബ്ദം.
ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വീണ്ടും തിരിഞ്ഞു നിന്ന് പ്ലാവില തിന്നുന്നു.
ഹും ടേബിള്‍ മാനേഴ്സ് ഇല്ലാത്തവള്‍.
ഇടിയോടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് അവള്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആവുകയായിയാരുന്നു. സ്കൂളില്‍ നിന്നു വന്നാല്‍ വീടിന്‍റെ പുറകിലെ കണ്ടത്തില്‍ കളിക്കാന്‍ പോകുമായിരുന്ന ഞാന്‍ അന്ന് മുതല്‍ അവള്‍ടെ കൂടെയായി കളി.
അവള്‍ക്ക് ഞാന്‍ തന്നെ ഒരു പേരുമിട്ടു.
‘അമ്മിണി’
ഞാന്‍ ഓടുമ്പോള്‍ തലയാട്ടി പിന്നിയിട്ട മുടി പോലെയുള്ള ചെവികള്‍ കുലുക്കി അമ്മിണി എന്‍റെ പുറകെ ഓടി വരും.ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കും. 
സ്കൂള്‍ വിട്ടാല്‍ കണ്ട മാവിലും പേര മരത്തിലും കേറി ആടിക്കുഴഞ്ഞു പതിയെ വീട്ടിലെത്തിയിരുന്ന ഞാന്‍ അന്ന് മുതല്‍ സമയത്തിന് വീട്ടില്‍ എത്താന്‍ തുടങ്ങി.
അവിടെ എനിക്ക് ആണും പെണ്ണുമായി എന്തുമ്മാത്രം കൂട്ടുകാരാ. തമാശയും കളിയും അടിയും ഇടിയുമായി എന്തു രസമാ.
പക്ഷെ അമ്മിണിക്കോ. പാവം അവള്‍ക്ക് കളിക്കാന്‍ കൂട്ടിനു ഞാന്‍ മാത്രമല്ലേയുള്ളൂ. പകല്‍ മുഴുവന്‍ ഒറ്റക്ക്. വൈകിട്ട് ഞാന്‍ വരുന്നതും കാത്ത് അവള്‍ നോക്കി നില്‍ക്കും.
സ്കൂളില്‍ നിന്നു വന്നിട്ട് ഞാന്‍ അവളോട്‌ ഓരോ കഥകള്‍ പറയുമാരുന്നു. ക്ലാസ്സിലെ ചില ആണ്‍പിള്ളേരുടെ കുറ്റങ്ങളേക്കുറിച്ച് പറയും. പെണ്‍പിള്ളേരുടെ സൌന്ദര്യത്തെയും കുറിച്ചു പറയും. ടീച്ചറിന്‍റെ തല്ലിനെക്കുറിച്ച് പറയും.
ഒക്കെ അമ്മിണി ഇങ്ങനെ കേട്ടു കൊണ്ടിരിക്കും.
ചിലപ്പോ തലയാട്ടി സമ്മതിക്കും.
ചിലപ്പോ ‘മേ’ ന്നു കരഞ്ഞ് മറുപടി പറയും.
ചിലപ്പോ കണ്ണടച്ച് ചിരിച്ചു കാണിക്കും.
എന്‍റെ ഭാഷ അമ്മിണിക്കും അമ്മിണിയുടേത് എനിക്കും മനസ്സിലാകുമായിരുന്നു. അവളുടെ കരച്ചില്‍, ചിരി, നാണം എല്ലാം.
അവളെ കയറിട്ടു കെട്ടിയിടുന്നത് കാണുമ്പോള്‍ സങ്കടം വരുമായിരുന്നു.
ആ സങ്കടം കൂടിക്കൂടി ഒരു ദിവസം ഞാന്‍ അവളെ കയറൂരി വിട്ടു.
അവള്‍ പോയി മാന്യമായിട്ട് അച്ഛന്‍ കഷ്ടപ്പെട്ട് നട്ടു വളര്‍ത്തിയിരുന്ന ചീനിയുടെ തലപ്പ്‌ തിന്നു. അതിന്‍റെ പേരില്‍ എനിക്ക് കുറെ വഴക്ക് കിട്ടി. അതോടെ അമ്മിണിയുടെ കയര്‍ എത്തുന്ന അത്രേം സ്ഥലത്ത് മാത്രമായി ഞങ്ങളുടെ കളി ഒതുങ്ങി.
ദിവസം ചെല്ലുന്തോറും അമ്മിണിയുടെ തടി കൂടിക്കൂടി വന്നു. ഒന്നും കഴിക്കാത്തപ്പോള്‍ പോലും വയര്‍ വീര്‍ത്തിരിക്കുന്നു!
ഇന്ന് സ്കൂളില്‍ പോകാന്‍ ടൈം ടേബിള്‍ അനുസരിച്ച് പുസ്തകം എടുത്ത് ബാഗില്‍ വെക്കുമ്പോള്‍ അമ്മ പറഞ്ഞു.
‘മിക്കവാറും ഇന്ന് അമ്മിണി പ്രസവിക്കും’
സ്കൂള്‍ യൂണിഫോമില്‍ ഓടിച്ചെന്ന് അമ്മിണിയുടെ മുഖത്തേക്ക് നോക്കി.
ആ നാണിച്ച ചിരി കണ്ടപ്പോ അവള്‍ക്കിതൊക്കെ നേരത്തേ അറിയാമായിരുന്നതു പോലെ.
എനിക്കാണേല്‍ അതിലേറെ സന്തോഷം.
ഇന്നെന്തേലുമൊക്കെ നടക്കും!
________________________________________________________________________

അന്ന് ക്ലാസ്സിലിരിക്കുമ്പോള്‍ ആകെപ്പാടെ ടെന്‍ഷനാരുന്നു. ഓരോ നിമിഷവും ഓരോ യുഗം പോലെ.
അമ്മിണി പ്രസവിച്ചു കാണുവോ. എന്തു കുട്ടിയാരിക്കും..?
വൈകിട്ട് സ്കൂള്‍ വിട്ട് ഞാന്‍ ഓടി വീട്ടിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അമ്മിണിയുടെ കാലിന്‍റെ ചുവട്ടില്‍ വെളുത്ത രണ്ടു പഞ്ഞിക്കെട്ടുകള്‍. അതിലൊന്നിനെ അവള്‍ നക്കിക്കൊണ്ടിരിക്കുന്നു. പൂച്ചക്കുഞ്ഞിന്‍റെ പോലെയുള്ള രണ്ടു കുഞ്ഞാടുകള്‍.
ഇടക്ക് അമ്മിണി തലയുയര്‍ത്തി എന്നെയൊന്നു നോക്കി.
രാവിലെ കണ്ടതു പോലെയല്ല. ആ മുഖത്ത് ഇപ്പൊ അമ്മയായതിന്‍റെ സന്തോഷം.
എന്‍റെ മക്കളെ കണ്ടോ. അവള്‍ ചോദിച്ചു.
യൂണിഫോം മാറാന്‍ പോലും മെനക്കെടാതെ ഞാന്‍ അമ്മിണിയുടെ കൂടിരുന്നു.
ഒന്നു രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ എഴുന്നേറ്റു നടന്നു തുടങ്ങി. അവര്‍ അവിടെയും ഇവിടെയുമൊക്കെ ഓടിച്ചാടി നടന്നു.
പാല്‍ മാത്രം കുടിക്കുന്ന ആദ്യത്തെ ഒന്നു രണ്ടു മാസക്കാലം ആട്ടിന്‍കുട്ടികള്‍ ഇലകളൊന്നും കടിക്കില്ല. അതുകൊണ്ട് അത്രയും സമയം അവരെ കയറില്‍ കെട്ടാറുമില്ല.
സ്കൂള്‍ തുറക്കുന്നതു വരെയുള്ള അവധിക്കാലം കുട്ടികള്‍ പരമാവധി ആഘോഷിക്കുന്നതു പോലെ ആ രണ്ടു മാസക്കാലം അമ്മിണിയുടെ മക്കളും വീടിന്‍റെ മുറ്റത്തും പറമ്പിലുമെല്ലാം ഓടിക്കളിച്ചു.
പാല്‍ കറക്കുമ്പോള്‍ ഞാന്‍ അമ്മയോടു പറയും.
‘മതിയമ്മേ ബാക്കി കുട്ടികള്‍ കുടിച്ചോട്ടെ. മക്കള്‍ക്കുള്ള പാല്‍ കുറഞ്ഞാല്‍ ചിലപ്പോ അമ്മിണിക്ക് സങ്കടമായാലോ’
അതു കേള്‍ക്കുമ്പോള്‍ അമ്മ പാല്‍ കറക്കുന്നത്‌ നിര്‍ത്തും. വീണ്ടും അമ്മിണിയുടെ പഞ്ഞിക്കെട്ടുകള്‍ തുള്ളിച്ചാടി വന്ന് ആ മുലകളില്‍ ഇടിച്ചു കുടിക്കും.
കുട്ടികള്‍ കുറച്ചു വലുതായപ്പോള്‍ പിന്നെ അമ്മിണി അവരെ മൈന്‍ഡ് ചെയ്യാറ് പോലും ഉണ്ടായിരുന്നില്ല. ആരാന്‍റെ മക്കള്‍ എന്നതു പോലെ അവരെ ഇടിച്ച് അകറ്റിക്കൊണ്ടിരുന്നു.
ഒടുക്കം കുട്ടികളെ വില്‍ക്കാരായപ്പോള്‍ കുറെ അറവുകാര്‍ ആവശ്യക്കാരായെത്തി.
അമ്മിണി എന്നെ ദയനീയമായി നോക്കുന്നു.
നല്ല വില തരാമെന്നു പറഞ്ഞിട്ടും കുഞ്ഞുങ്ങളെ അവര്‍ക്കു കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
സ്വന്തം മക്കളെ അറവുകാര്‍ക്ക് കൊടുത്തൂന്നു അറിഞ്ഞാല്‍ പാവം അമ്മിണി സഹിക്കുവോ.
ഒടുക്കം വളര്‍ത്താനായി ഒരു വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അവര്‍ക്കു കൊടുത്തു.
അമ്മിണിക്കും സന്തോഷമായി.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം എന്ന മുറക്ക് അമ്മിണി പ്രസവിച്ചു കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരുനാള്‍ വിജയമ്മ ടീച്ചര്‍ ബയോളജി ക്ലാസ്സില്‍ പഠിപ്പിക്കുന്നു.
“ജന്തുക്കളില്‍ ചിന്തിക്കുവാനുള്ള കഴിവും അവലോകന ശക്തിയും ഏറ്റവും കൂടുതലുള്ളത് മനുഷ്യനാണ്. ചിരിക്കാനുള്ള കഴിവു കിട്ടിയിരിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്”
ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.
എന്‍റെ ടീച്ചറെ ഈ പറയുന്ന കഴിവൊക്കെ എന്‍റെ അമ്മിണിക്കും ഉണ്ട്. അവള്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും. എന്നോട് സംസാരിക്കും. അവള്‍ ചിരിക്കും. എന്‍റെ കൂടെ കളിക്കും.
പക്ഷെ ടീച്ചറിന്‍റെ കയ്യിലെ വടിയുടെ നീളം കണ്ടപ്പോള്‍ പറയാന്‍ വന്നത് ഞാന്‍ ഉള്ളിലൊതുക്കി.
എന്നാലും ഈ ടീച്ചര്‍ എന്തൊക്കെ മണ്ടത്തരമാണ് ഈ പഠിപ്പിച്ചു കൂട്ടുന്നത്..
രണ്ടും മൂന്നും മക്കള്‍ എന്നാ കണക്കില്‍ അമ്മിണിയുടെ പ്രസവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. പക്ഷെ ഓരോ ക്ലാസുകള്‍ കൂടുന്തോറും ഞാനും അമ്മിണിയും തമ്മിലുള്ള അകലം കൂടി വന്നു. കളികള്‍ കുറഞ്ഞു വന്നു.
പഠിക്കാനുള്ള വിഷയങ്ങള്‍ കൂടുന്തോറും സ്കൂളും ട്യൂഷനും ഒക്കെയായി ആകെപ്പാടെ തിരക്കായി. ചില ദിവസങ്ങളില്‍ എനിക്ക് അമ്മിണിയോടു മിണ്ടാന്‍ പോലും സമയം കിട്ടാതെയായി.
അമ്മിണി എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടാവുമോ? അത് ശ്രദ്ധിക്കാന്‍ പോലും ഞാന്‍ മുതിര്‍ന്നില്ല. സ്കൂളിലും ട്യൂഷനിലും ഒരുപാട് കൂട്ടുകാരുണ്ടായപ്പോള്‍ ഈ ലോകത്തില്‍ ഫ്രണ്ട് ആയി ഞാന്‍ മാത്രമുള്ള അമ്മിണിയുടെ കാര്യം ഞാന്‍ മറന്നു. അല്ലെങ്കില്‍ പഠനത്തിരക്കുകള്‍ എന്നെക്കൊണ്ട് മനപ്പൂര്‍വ്വം അത് മറവിപ്പിച്ചു.
അമ്മിണിയുടെ മുഖത്തെ ചിരി എനിക്കിപ്പോള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. ഞാന്‍ പറയുന്നത് എന്താണെന്ന് അവള്‍ക്കും. പ്രസവിക്കാറാകുമ്പോള്‍ ആ മുഖത്തുണ്ടാവുന്ന നാണവും കുട്ടികളുണ്ടാവുമ്പോള്‍ ആ മുഖത്തുണ്ടാവുന്ന സന്തോഷവും ഞാനിപ്പോള്‍ ശ്രദ്ധിക്കുന്നില്ല.
കുട്ടികളെ മേടിക്കാന്‍ വരുന്നവര്‍ വളര്‍ത്തുകാരാണോ അതോ അറവുകാരാണോ എന്ന് ഞാന്‍ തിരക്കിയതേയില്ല.
ചിരിക്കാന്‍ കഴിയാത്ത ചിന്തിക്കുവാന്‍ കഴിയാത്ത വെറുമൊരു ആട് മാത്രമായി അമ്മിണി മാറിയോ?
ഒരു നാള്‍ അത്താഴം കഴിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു
“പിള്ളേര്‍ക്ക് രാവിലെ സ്കൂളില്‍ പോകാന്‍ എല്ലാം ഉണ്ടാക്കണം. വീട്ടുജോലികളുടെ കൂട്ടത്തില്‍ ആടിനെക്കൂടെ നോക്കാന്‍ എനിക്കിനി വയ്യ”
“ശരി എങ്കില്‍ വിറ്റേക്കാം. വടക്കേല്‍ പശു ഉണ്ടല്ലോ. പാല്‍ അവിടുന്നു വാങ്ങിക്കാം” അച്ഛനും സമ്മതിച്ചു.
അതൊന്നും കേട്ടപ്പോള്‍ എനിക്ക് യാതൊന്നും തോന്നിയില്ല. ഞാന്‍ ഒന്നും മിണ്ടിയതുമില്ല.
രണ്ടു ദിവസം കഴിഞ്ഞു.
ഒരു ഞായറാഴ്ച കൈലി ഉടുത്ത് തലയില്‍ തോര്‍ത്ത് കെട്ടും കെട്ടിയ ഒരാള്‍ വീട്ടില്‍ വന്നു. അയാള്‍ വീടിനു പുറകിലെ എരുത്തിലില്‍ വന്നു കുറെ നേരം അമ്മിണിയെ നോക്കി നിന്നു. മാറി നിന്ന് അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു.
പിന്നെ ഉച്ചയായപ്പോള്‍ അയാള്‍ അമ്മിണിയെ അഴിക്കാന്‍ വന്നു.
പരിചയമില്ലാത്ത ആള്‍ കെട്ടഴിച്ചപ്പോള്‍ അമ്മിണി കുതറി ഓടാന്‍ നോക്കി. അയാള്‍ ആഞ്ഞു വലിച്ചു. പിന്നെ കയറിന്‍റെ തുമ്പു മടക്കി അമ്മിണിയുടെ പുറത്ത് ആഞ്ഞൊരടി.
അമ്മേ!
അമ്മിണി ഒന്നു പുളഞ്ഞു. പിന്നെ കരഞ്ഞു കൊണ്ട് അമ്മിണി അയാളുടെ കയറിന്‍ പിടിയില്‍ ഒതുങ്ങി നിന്നു.
അമ്മിണി എന്‍റെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് ഞാന്‍ ആ പഴയ കാലത്തിലേക്ക് പോയതു പോലെ. കുറെ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ കണ്ണുകള്‍ വീണ്ടും പരസ്പരം സംസാരിച്ചു.
അമ്മിണിയുടെ മുഖത്തെ ദൈന്യത എനിക്കിപ്പോള്‍ വായിച്ചറിയാന്‍ പറ്റുന്നു. എന്നെ കൊടുത്തു വിടല്ലേ എന്ന് അവള്‍ എന്നെ നോക്കി കരഞ്ഞു.
ഞാന്‍ വീടിനുള്ളിലേക്ക് ഓടി.
‘അച്ഛാ അമ്മിണിയെ കൊടുക്കണ്ടാ’
‘അതെങ്ങനാ ഒരാളു രാവിലെ വന്ന് വില പറഞ്ഞുറപ്പിച്ചിട്ട് ഉച്ചക്ക് ആടിനെ കൊണ്ടു പോകാന്‍ വണ്ടിയുമായി വരുമ്പോള്‍ കൊടുക്കാന്‍ പറ്റില്ലാന്നു പറയാന്‍ പറ്റുമോ’.
ഞാന്‍ പിന്നെയും പറഞ്ഞു നോക്കി.
നിനക്കത്രക്ക് സങ്കടമുണ്ടേല്‍ രാവിലെ പറഞ്ഞുടാരുന്നോ. കൊടുത്ത വാക്കു മാറ്റാന്‍ പറ്റില്ലെന്നായി അച്ഛന്‍.
നിസ്സഹായനായി ഞാന്‍ വീടിന്‍റെ മുറ്റത്തേക്ക് വന്നപ്പോള്‍ കണ്ടത്..
അയാള്‍ അമ്മിണിയെ കൊണ്ടു പോകുന്നു. കഴുത്തില്‍ കയര്‍ മുറുകി നില്‍ക്കുന്നതിനാല്‍ ഒന്നു തിരിഞ്ഞു പോലും നോക്കാനാകാതെ അമ്മിണി അയാളുടെ പുറകേ.
അയാള്‍ അമ്മിണിയെ വലിച്ച് നാലഞ്ച് ആടുകള്‍ ഉള്ള ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. അതില്‍ ഒന്നായി എന്‍റെ അമ്മിണിയും.
ആ മുഖം കാണാന്‍ പറ്റിയില്ലെങ്കിലും ഇത്രെയും നാള്‍ തന്റേതെന്നു കരുതിയവര്‍ ഒരു നിമിഷം കൊണ്ട് തന്നെ ഊരും പേരും അറിയാത്ത ഒരുവനു വിറ്റതിനെയോര്‍ത്ത് അമ്മിണി കരയുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.
മറ്റ് ആടുകളുടെ കരച്ചിലിനിടയില്‍ അമ്മിണിയുടെ തേങ്ങല്‍ ഇപ്പോള്‍ എനിക്ക് തിരിച്ചറിയാം.
മറന്നതല്ല മറിച്ച് ഒരുപാട് കൂട്ടുകാരെ കിട്ടിയപ്പോള്‍, പഠിത്തത്തിന്‍റെ തിരക്കുകള്‍ വന്നപ്പോള്‍ അമ്മിണിയുടെ ചിരിയെ, ആ കണ്ണുകളെ  ഞാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നെന്നു അപ്പോള്‍ ഞാനറിഞ്ഞു.
അയാള്‍ അറവുകാരനാണോ അതോ വളര്‍ത്തുകാരനാണോ എന്നെനിക്കറിയില്ല. പക്ഷെ ആദ്യത്തേത് ആകരുതേ എന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു.
നിറ കണ്ണുകളുമായി പെട്ടി ഓട്ടോയോടോപ്പം അമ്മിണിയുടെ കരച്ചിലും അകലത്തേക്ക് മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു.
ഞാനും ഇപ്പോള്‍ കരയുകയാണ്. മാപ്പ് ചോദിക്കുകയാണ്.
ചുറ്റുമുള്ള മനുഷ്യര്‍ക്ക് മനസ്സിലാകാത്ത, ഒരിക്കല്‍ മറന്നു എന്നു ഞാന്‍ കരുതിയ, എന്‍റെ അമ്മിണിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷയില്‍..
ഈ ലോകം മനുഷ്യര്‍ക്ക് മാത്രം ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും മറ്റെല്ലാം നമ്മളെ സഹായിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചിരിക്കുന്നതാണെന്നുമുള്ള പൊതു ധാരണ കാലം എന്‍റെ മനസ്സിലും കുത്തിക്കയറ്റി.
അമ്മിണിയെ ഞാന്‍ മറന്നു.
ആ ഭാഷ ഞാന്‍ മറന്നു.
ഇവിടെ ഈ അറബി നാട്ടിലെ കോള്‍ഡ്‌ സ്റ്റോറേജുകളില്‍ ആടുമാടുകളുടെ കാലും ശരീരവും വില്‍പ്പനക്കായി തൂക്കിയിട്ടിരിക്കുന്നതു കാണുമ്പോള്‍ അമ്മിണിയുടെ ദയനീയ മുഖം ആലോചിക്കും. അതുപോലെ എത്ര തവണ അവ ആ അറവുകാരനെ നോക്കി കെഞ്ചിയിട്ടുണ്ടാകും.
പക്ഷെ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറയില്ല.
കാരണം സഹജീവികളെ മനസ്സിലാക്കാനുള്ള അന്നത്തെ പത്തു വയസ്സുകാരന്‍റെ കഴിവ് ആ അറവുകാരനെപ്പോലെ തന്നെ ഇപ്പോ എനിക്കുമില്ലല്ലോ.

ഒരു മാറ്റം. അത് കാലം തന്നെ കൊണ്ടു വരട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

സ്നേഹപൂര്‍വ്വം

മനു (മഹാ നുണയന്‍)

1 comment: