Thursday, February 21, 2013

ബിഷപ്പ് ഹോഡ്ജസ് സ്കൂള്‍: ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ ഓര്‍മ്മ


അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ പുതിയ സ്കൂളില്‍ ആയിരുന്നു. 1839ല്‍ മാവേലിക്കരയിലെ അച്ഛന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥാപിതമായ എന്‍റെ ബിഷപ്പ് ഹോഡ്ജസ് സ്കൂള്‍. ഞങ്ങളുടെ ബിഎച്ച്. 
സ്കൂള്‍ മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ട് ബദാം മുത്തച്ഛന്‍മാര്‍ക്ക്‌ നൂറു വര്‍ഷത്തിനടുത്തെങ്കിലും പ്രായം കാണും. വലിയ കളിസ്ഥലവും രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രധാന കെട്ടിടവും പള്ളിയും വാകമരവും മൊത്തത്തില്‍ പുതിയൊരു ലോകം.
പഴുത്തു വീണ ബദാം ഇലകള്‍ക്ക് മുകളിലൂടെ അച്ഛന്‍റെ സൈക്കിളിന്‍റെ പുറകിലിരുന്ന്  ആദ്യമായി ആ മുറ്റത്തേക്ക് ഞാന്‍ വന്നു കയറി. മൊത്തത്തില്‍ സ്കൂള്‍ എനിക്കങ്ങു പിടിച്ചു. സൈക്കിളിന്‍റെ പുറകില്‍ പിടിച്ചിരിക്കുകയായിരുന്ന എന്‍റെ മനസ്സ് പക്ഷെ സന്തോഷം കൊണ്ട് ആകാശത്ത് കിടന്ന് ഗന്നം സ്റ്റൈല്‍ കളിച്ചു.
സ്കൂള്‍ ഓഫീസില്‍ എത്തി. ചേട്ടന്‍ അതേ സ്കൂളില്‍ തന്നെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. പോരാഞ്ഞിട്ട് ക്ലാസ്സിലെ ടോപ്പറും കൂടിയാ. അതുകൊണ്ട് എല്ലാ ടീച്ചേര്‍സിനും അച്ഛനെ അറിയാം. നേരെ കൊണ്ടുപോയത് സുശീല ടീച്ചറിന്‍റെ അടുക്കലേക്ക്.
“ആഹാ ബിനുവിന്‍റെ അനിയനാണല്ലേ”
ടീച്ചറിന് എന്നില്‍ ഒരുപാട് പ്രതീക്ഷയുള്ളത് പോലെ
“ഓ ഇവന്‍ മൂത്തതുങ്ങളെ പോലെയേയല്ല ടീച്ചറേ. ഒരക്ഷരം പഠിക്കില്ല”
ഠോ
അവിടെ തീര്‍ന്നു എന്‍റെ വെടി.
അപ്പോഴും ടീച്ചറിന് ഒരു സംശയം പോലെ.
“ഒരു വക പറഞ്ഞാലും കേള്‍ക്കില്ല”
അടുത്തത്
ഠോ ഠോ
ഇപ്പ്രാവശ്യം ആ ടീച്ചര്‍ എന്നെ ശരിക്കും ഒന്ന് നോക്കി.
അതോടെ ഒരു വാം അപ്പ് ആയ അച്ഛന്‍ പിന്നെ എന്‍റെ ഗുണഗണങ്ങള്‍ ഉദാഹരണം സഹിതം പൊടിപ്പും തൊങ്ങലും വെച്ച് വര്‍ണ്ണിച്ചു കൊടുത്തു.
ടീച്ചറിന് ആകെ ഒരു സംശയം പോലെ. എങ്ങനെ അത്ഭുതം വരാതിരിക്കും. ഈ ഈച്ചിരിം ഇല്ലാത്ത മൊതല്‍ ഇത്രേവോക്കെ കാണിച്ചു കൂട്ടിയെന്നോ.
“മോന്‍ പച്ചീര്‍ക്കില്‍ കണ്ടിട്ടുണ്ടോ”
അയ്യേ പാവം ടീച്ചര്‍. പച്ചീര്‍ക്കില്‍ കൊണ്ടൊക്കെ അടിച്ചാല്‍ എന്താകാനാ. എന്‍റെ മുഖത്തൊരു ചിരി വിടര്‍ന്നു.
“ഉണ്ട് ടീച്ചറെ കണ്ടിട്ടുണ്ട്”
“അത് കൂര്‍പ്പിച്ച് ഒരു ചെവിയില്‍ കൂടെ കേറ്റി മറ്റേതില്‍ കൂടെ ഇറക്കും. എന്നിട്ട് അതില്‍ തൂക്കി വലിച്ചോണ്ട് പോകും”
കര്‍ത്താവേ.
ഡിം ഡും ഡോം
അതുവരെ ആകാശത്ത് ഗന്നം സ്റ്റൈല്‍ കളിച്ചു കൊണ്ടിരുന്ന എന്‍റെ മനസ്സ് താഴെ ഭൂമിയിലേക്ക് പതിച്ചതിന്‍റെ ശബ്ദമല്ലേ ആ കേട്ടത്!!
എന്‍റെ തലക്ക് അകത്തൂടെം പുറത്തൂടെം കുറെ കിളികള്‍ പറന്നു പോയി.
ഒക്കെ ഞാന്‍ അവിടെ നിന്ന് എംപതൈസ് ചെയ്തു നോക്കി.
ഒരു പച്ചീര്‍ക്കില്‍ കൊണ്ട് ഇത്രേം ഉപയോഗങ്ങളോ!!
അതോടെ എനിക്ക് പേടിയായി. ശരിക്കും അച്ഛനും ടീച്ചറിനും വേണ്ടിയിരുന്നത് അതു തന്നെയാരുന്നു.
പേടിച്ചാലേ ഇവന്‍ പഠിക്കൂ.
ജൂണ്‍ മാസം വന്നെത്തി. അങ്ങനെ ഞാന്‍ കൂടും കുടുക്കയുമെല്ലാമായി ബിഎച്ചിലേക്ക് കെട്ടിയെടുത്തു തുടങ്ങി.
സ്വാഭാവികമായും ഏതൊരു മലയാളിയേയും പോലെ അന്ന്യന്‍റെ കുറ്റങ്ങള്‍ കണ്ടു പിടിക്കുക. അത് ടീച്ചറിനോട് പോയി പറഞ്ഞുകൊടുക്കുക. ഒക്കെ എന്‍റെയും സവിശേഷതയായിരുന്നു. സ്വയം എന്തും ആവാം പക്ഷെ മറ്റുള്ളോര്‍ അത് ചെയ്‌താല്‍ കുറ്റം. ഒരു കണക്കിന് പറഞ്ഞാല്‍ സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്ന്യന്‍റെ കണ്ണിലെ കരടെടുക്കാന്‍ പോകുന്ന പോലെ.
പക്ഷെ ഇതൊക്കെ മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് അതേ സ്കൂളില്‍ പത്താംക്ലാസ്സിലായിരുന്ന എന്‍റെ ചേട്ടനും!
പരീക്ഷാ ഹാളില്‍ ഡാപ്പ് കൊണ്ടു വരിക. ചോദിച്ചെഴുതുക. ഇതൊക്കെ കണ്ടു നില്‍ക്കാന്‍ പറ്റുവോ. ഒക്കെ ടീച്ചറിനോട് അപ്പൊ അപ്പൊ വിളിച്ച് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. പക്ഷെ പരീക്ഷക്ക് എനിക്ക് അറിയാന്‍ വയ്യാത്തത് വരുമ്പോ ഞാന്‍ ചോദിച്ചെഴുതും കേട്ടോ. അതിലിപ്പം എന്താ ഇത്ര തെറ്റ്?
“എടാ നിന്‍റെ അനിയന്‍ കാരണം ടീച്ചര്‍ എന്നെ ഡാപ്പ് പൊക്കി”
“നിന്‍റെ അനിയന്‍ കാരണം എനിക്ക് തല്ലു കിട്ടി”
“ആ ചെറുക്കന്‍റെ അന്ത്യം എന്‍റെ കൈ കൊണ്ടാവും നോക്കിക്കോ”
ചേട്ടന് സഹിക്കവയ്യാതായി. ഒക്കെ പോരാഞ്ഞിട്ടു ചേട്ടനിട്ടും പണിതു തുടങ്ങി. ചേട്ടന്‍ ഭക്ഷണം കഴിക്കില്ല. ഉച്ചക്ക് കൊണ്ടു വരുന്ന ചോറ് കളയുന്നു എന്നൊക്കെ ടീച്ചറിനോട് പോയി പറയും.
ഇതൊന്നും ചേട്ടന്‍ ഭക്ഷണം കഴിച്ച് നന്നാവണം എന്ന ഉദ്ദേശത്തിലല്ല.  മറിച്ച് ആ പേരില്‍ രണ്ട് തല്ലു കൊള്ളിക്കാന്‍ പറ്റിയാല്‍ അത്രേം സന്തോഷം.
അഞ്ചാം ക്ലാസ്സ്‌ സി ഡിവിഷനില്‍ ആരുന്നു ഞാനും നേരത്തെ പറഞ്ഞ കഥയിലെ കഥാപാത്രങ്ങളായ മോന്‍സിയും ഒക്കെ. വിനീത് രാജനും മേരി ജിനിയുമൊക്കെ ബി ഡിവിഷനിലും. ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ ശാന്തമ്മ ടീച്ചര്‍. വിനീതിന്‍റെ ക്ലാസ്സില്‍ സിസി ടീച്ചര്‍. ഇംഗ്ലീഷ് മീഡിയം എ ഡിവിഷനില്‍ സൗമ്യ ടീച്ചര്‍.
എല്ലാ ക്ലാസ്സിലെയും പോലെ ഇവിടെയും അവസാനത്തെ ബഞ്ചില്‍ അനൂപ് രതീഷ്‌ സന്ദീപ്‌ അങ്ങനെ കുറെ വില്ലന്മാര്‍. ഇടഭാഗത്തെ ബഞ്ചില്‍ റോബിന്‍, അജേഷ്, സിജു ഒക്കെ. വല്ലിയ പഠിപ്പിസ്റ്റ് ചമഞ്ഞ് ത്രീ ഇഡിയറ്റ്സ് സിനിമയിലെ ‘ചതുര്‍ രാമലിംഗത്തി’ നെപ്പോലെ ഞാന്‍ ഫ്രണ്ട് ബഞ്ചില്‍. കൂടെ നമ്മുടെ പഴയ ഹീറോ മോന്‍സിയും.
ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ ബിഎച്ച് ലൈഫ്.
ഞാന്‍ കൊടുത്ത പണികളും അതിനെക്കാളുപരി ‘താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ’ എന്നപോലെ ഞാന്‍ മേടിച്ചു കൂട്ടിയ പണികളുടെയും ഒക്കെ ആരംഭം.
പുതിയ കൂട്ടുകാരെയും അദ്ധ്യാപകരേയും നമുക്ക് വരും പോസ്റ്റുകളില്‍ പരിചയപ്പെടാം.
എന്തുംമാത്രം ഇരട്ടപ്പേരുകള്‍ എനിക്ക് സമ്മാനിച്ച, കളിയാക്കലുകളും അതിന്‍റെ എത്രയോ ഇരട്ടി സന്തോഷങ്ങളും എനിക്ക് സമ്മാനിച്ച ഈ സ്കൂളിനെക്കുറിച്ചാവട്ടെ ഇനിയുള്ള ഓര്‍മ്മകള്‍.
എന്നെപ്പോലുള്ള അനേകലക്ഷം വിദ്യാര്‍ഥികളുടെ മനസ്സില്‍ സ്നേഹത്തിന്‍റെ, നന്മയുടെ ഒരു പിടി കൊന്നപ്പൂക്കള്‍ വിടര്‍ത്തിയ ആ നാളുകള്‍ക്ക് നന്ദി.
175 ആം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എന്‍റെ ആത്മവിദ്യാലയത്തിന് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.