Friday, December 6, 2013

അമ്മിണിയുടെ കടിഞ്ഞൂല്‍: ഒരു ആറാം ക്ലാസ്സുകാരന്‍റെ ഓര്‍മ്മ

സ്കൂളില്‍ പോകാന്‍ ഇറങ്ങുന്നേനു മുമ്പ് ഞാന്‍ അമ്മിണിയുടെ മുഖത്തേക്ക് ഒന്നുകൂടെ നോക്കി.
അവളുടെ മുഖത്ത് പതിവില്ലാത്ത ഒരു നാണം കലര്‍ന്ന ചിരി.
എനിക്കാണേല്‍ അതിലേറെ സന്തോഷം.
ഇന്നെന്തേലുമൊക്കെ നടക്കും!
________________________________________________________________________

ഒരിക്കല്‍ സ്കൂള്‍ വിട്ടു വന്നപ്പോഴായിരുന്നു ഞങ്ങള്‍ ആദ്യമായി കാണുന്നത്.
നല്ല വെളുത്ത നിറം.
ചെറിയ ശരീരം.
ശരീരത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ചുവന്ന വലിയ രണ്ടു അമ്മിഞ്ഞകള്‍.
തൂവെള്ള രോമങ്ങള്‍ നിറഞ്ഞ വാല്‍.
ആദ്യമായി കാണുമ്പോള്‍ അവള്‍ തിരിഞ്ഞു നിന്ന് പ്ലാവില തിന്നുകയായിരുന്നു.
ഞാന്‍ അടുത്തു ചെന്നു സ്വാഭാവികമായ ഒരു കൗതുകത്തിന്‍റെ പുറത്ത് ആ വാലില്‍ ഒന്നു തൊട്ടു നോക്കി.
പുള്ളിക്കാരി എന്നെ മൈന്‍ഡ് പോലും ചെയ്യുന്നില്ല.
വയറില്‍ ഒന്നു തടവി നോക്കി.
നോ രക്ഷ.
കറും മുറും.
പ്ലാവിലകള്‍ ഒന്നും രണ്ടുമായി അവളുടെ പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരുന്നു.
ഇതെന്താ! ഞാന്‍ ആ ചുവന്ന അമ്മിഞ്ഞകളില്‍ ഒന്നില്‍ തൊട്ടു നോക്കി.
അടുത്ത ഷോട്ടില്‍ ഞാന്‍ മൂക്കും കുത്തി നിലത്ത്. തല ഉയര്‍ത്തിയപ്പോള്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ നോക്കുന്നു.
ഞങ്ങള്‍ ആദ്യമായി പരസ്പരം കണ്ടു.
പെണ്‍പിള്ളേര്‍ രണ്ടു സൈഡിലേക്കും മുടി പിന്നിയിടുന്ന മാതിരി തലയുടെ രണ്ടു വശത്തുമായി വെളുത്തു നീണ്ട ചെവികള്‍. അതിനു മീതെ കൂര്‍ത്ത രണ്ടു കൊമ്പുകള്‍.
അതിലോരെണ്ണത്തില്‍ എന്‍റെ വെളുത്ത യൂണിഫോം ഷര്‍ട്ടിന്‍റെ കഷണം.
വീണ ശക്തിയില്‍ എന്‍റെ ഷര്‍ട്ടിന്‍റെ തുണി അവള്‍ടെ കൊമ്പില്‍ കുരുങ്ങി കീറിയിരിക്കുന്നു.
പോക്കിരിരാജ സിനിമയില്‍ പ്രിഥ്വിരാജ് മമ്മൂട്ടിയുടെ ഇടിയെപ്പറ്റി പറഞ്ഞതു മാതിരി അവള്‍ ഇടിച്ചതാണെന്നറിയാന്‍ എനിക്കും സ്ലോ മോഷനില്‍ ഒന്നു കൂടെ റീവൈന്റു ചെയ്തു നോക്കേണ്ടി വന്നു.
ഇടി കൊണ്ടതും പോരാ തുണി കീറിയതിന് ഇനി അമ്മയുടെ അടുക്കലും സമാധാനം പറയേണ്ടി വരുമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് പിന്നെയും കറുമുറു ശബ്ദം.
ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വീണ്ടും തിരിഞ്ഞു നിന്ന് പ്ലാവില തിന്നുന്നു.
ഹും ടേബിള്‍ മാനേഴ്സ് ഇല്ലാത്തവള്‍.
ഇടിയോടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് അവള്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആവുകയായിയാരുന്നു. സ്കൂളില്‍ നിന്നു വന്നാല്‍ വീടിന്‍റെ പുറകിലെ കണ്ടത്തില്‍ കളിക്കാന്‍ പോകുമായിരുന്ന ഞാന്‍ അന്ന് മുതല്‍ അവള്‍ടെ കൂടെയായി കളി.
അവള്‍ക്ക് ഞാന്‍ തന്നെ ഒരു പേരുമിട്ടു.
‘അമ്മിണി’
ഞാന്‍ ഓടുമ്പോള്‍ തലയാട്ടി പിന്നിയിട്ട മുടി പോലെയുള്ള ചെവികള്‍ കുലുക്കി അമ്മിണി എന്‍റെ പുറകെ ഓടി വരും.ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കും. 
സ്കൂള്‍ വിട്ടാല്‍ കണ്ട മാവിലും പേര മരത്തിലും കേറി ആടിക്കുഴഞ്ഞു പതിയെ വീട്ടിലെത്തിയിരുന്ന ഞാന്‍ അന്ന് മുതല്‍ സമയത്തിന് വീട്ടില്‍ എത്താന്‍ തുടങ്ങി.
അവിടെ എനിക്ക് ആണും പെണ്ണുമായി എന്തുമ്മാത്രം കൂട്ടുകാരാ. തമാശയും കളിയും അടിയും ഇടിയുമായി എന്തു രസമാ.
പക്ഷെ അമ്മിണിക്കോ. പാവം അവള്‍ക്ക് കളിക്കാന്‍ കൂട്ടിനു ഞാന്‍ മാത്രമല്ലേയുള്ളൂ. പകല്‍ മുഴുവന്‍ ഒറ്റക്ക്. വൈകിട്ട് ഞാന്‍ വരുന്നതും കാത്ത് അവള്‍ നോക്കി നില്‍ക്കും.
സ്കൂളില്‍ നിന്നു വന്നിട്ട് ഞാന്‍ അവളോട്‌ ഓരോ കഥകള്‍ പറയുമാരുന്നു. ക്ലാസ്സിലെ ചില ആണ്‍പിള്ളേരുടെ കുറ്റങ്ങളേക്കുറിച്ച് പറയും. പെണ്‍പിള്ളേരുടെ സൌന്ദര്യത്തെയും കുറിച്ചു പറയും. ടീച്ചറിന്‍റെ തല്ലിനെക്കുറിച്ച് പറയും.
ഒക്കെ അമ്മിണി ഇങ്ങനെ കേട്ടു കൊണ്ടിരിക്കും.
ചിലപ്പോ തലയാട്ടി സമ്മതിക്കും.
ചിലപ്പോ ‘മേ’ ന്നു കരഞ്ഞ് മറുപടി പറയും.
ചിലപ്പോ കണ്ണടച്ച് ചിരിച്ചു കാണിക്കും.
എന്‍റെ ഭാഷ അമ്മിണിക്കും അമ്മിണിയുടേത് എനിക്കും മനസ്സിലാകുമായിരുന്നു. അവളുടെ കരച്ചില്‍, ചിരി, നാണം എല്ലാം.
അവളെ കയറിട്ടു കെട്ടിയിടുന്നത് കാണുമ്പോള്‍ സങ്കടം വരുമായിരുന്നു.
ആ സങ്കടം കൂടിക്കൂടി ഒരു ദിവസം ഞാന്‍ അവളെ കയറൂരി വിട്ടു.
അവള്‍ പോയി മാന്യമായിട്ട് അച്ഛന്‍ കഷ്ടപ്പെട്ട് നട്ടു വളര്‍ത്തിയിരുന്ന ചീനിയുടെ തലപ്പ്‌ തിന്നു. അതിന്‍റെ പേരില്‍ എനിക്ക് കുറെ വഴക്ക് കിട്ടി. അതോടെ അമ്മിണിയുടെ കയര്‍ എത്തുന്ന അത്രേം സ്ഥലത്ത് മാത്രമായി ഞങ്ങളുടെ കളി ഒതുങ്ങി.
ദിവസം ചെല്ലുന്തോറും അമ്മിണിയുടെ തടി കൂടിക്കൂടി വന്നു. ഒന്നും കഴിക്കാത്തപ്പോള്‍ പോലും വയര്‍ വീര്‍ത്തിരിക്കുന്നു!
ഇന്ന് സ്കൂളില്‍ പോകാന്‍ ടൈം ടേബിള്‍ അനുസരിച്ച് പുസ്തകം എടുത്ത് ബാഗില്‍ വെക്കുമ്പോള്‍ അമ്മ പറഞ്ഞു.
‘മിക്കവാറും ഇന്ന് അമ്മിണി പ്രസവിക്കും’
സ്കൂള്‍ യൂണിഫോമില്‍ ഓടിച്ചെന്ന് അമ്മിണിയുടെ മുഖത്തേക്ക് നോക്കി.
ആ നാണിച്ച ചിരി കണ്ടപ്പോ അവള്‍ക്കിതൊക്കെ നേരത്തേ അറിയാമായിരുന്നതു പോലെ.
എനിക്കാണേല്‍ അതിലേറെ സന്തോഷം.
ഇന്നെന്തേലുമൊക്കെ നടക്കും!
________________________________________________________________________

അന്ന് ക്ലാസ്സിലിരിക്കുമ്പോള്‍ ആകെപ്പാടെ ടെന്‍ഷനാരുന്നു. ഓരോ നിമിഷവും ഓരോ യുഗം പോലെ.
അമ്മിണി പ്രസവിച്ചു കാണുവോ. എന്തു കുട്ടിയാരിക്കും..?
വൈകിട്ട് സ്കൂള്‍ വിട്ട് ഞാന്‍ ഓടി വീട്ടിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അമ്മിണിയുടെ കാലിന്‍റെ ചുവട്ടില്‍ വെളുത്ത രണ്ടു പഞ്ഞിക്കെട്ടുകള്‍. അതിലൊന്നിനെ അവള്‍ നക്കിക്കൊണ്ടിരിക്കുന്നു. പൂച്ചക്കുഞ്ഞിന്‍റെ പോലെയുള്ള രണ്ടു കുഞ്ഞാടുകള്‍.
ഇടക്ക് അമ്മിണി തലയുയര്‍ത്തി എന്നെയൊന്നു നോക്കി.
രാവിലെ കണ്ടതു പോലെയല്ല. ആ മുഖത്ത് ഇപ്പൊ അമ്മയായതിന്‍റെ സന്തോഷം.
എന്‍റെ മക്കളെ കണ്ടോ. അവള്‍ ചോദിച്ചു.
യൂണിഫോം മാറാന്‍ പോലും മെനക്കെടാതെ ഞാന്‍ അമ്മിണിയുടെ കൂടിരുന്നു.
ഒന്നു രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ എഴുന്നേറ്റു നടന്നു തുടങ്ങി. അവര്‍ അവിടെയും ഇവിടെയുമൊക്കെ ഓടിച്ചാടി നടന്നു.
പാല്‍ മാത്രം കുടിക്കുന്ന ആദ്യത്തെ ഒന്നു രണ്ടു മാസക്കാലം ആട്ടിന്‍കുട്ടികള്‍ ഇലകളൊന്നും കടിക്കില്ല. അതുകൊണ്ട് അത്രയും സമയം അവരെ കയറില്‍ കെട്ടാറുമില്ല.
സ്കൂള്‍ തുറക്കുന്നതു വരെയുള്ള അവധിക്കാലം കുട്ടികള്‍ പരമാവധി ആഘോഷിക്കുന്നതു പോലെ ആ രണ്ടു മാസക്കാലം അമ്മിണിയുടെ മക്കളും വീടിന്‍റെ മുറ്റത്തും പറമ്പിലുമെല്ലാം ഓടിക്കളിച്ചു.
പാല്‍ കറക്കുമ്പോള്‍ ഞാന്‍ അമ്മയോടു പറയും.
‘മതിയമ്മേ ബാക്കി കുട്ടികള്‍ കുടിച്ചോട്ടെ. മക്കള്‍ക്കുള്ള പാല്‍ കുറഞ്ഞാല്‍ ചിലപ്പോ അമ്മിണിക്ക് സങ്കടമായാലോ’
അതു കേള്‍ക്കുമ്പോള്‍ അമ്മ പാല്‍ കറക്കുന്നത്‌ നിര്‍ത്തും. വീണ്ടും അമ്മിണിയുടെ പഞ്ഞിക്കെട്ടുകള്‍ തുള്ളിച്ചാടി വന്ന് ആ മുലകളില്‍ ഇടിച്ചു കുടിക്കും.
കുട്ടികള്‍ കുറച്ചു വലുതായപ്പോള്‍ പിന്നെ അമ്മിണി അവരെ മൈന്‍ഡ് ചെയ്യാറ് പോലും ഉണ്ടായിരുന്നില്ല. ആരാന്‍റെ മക്കള്‍ എന്നതു പോലെ അവരെ ഇടിച്ച് അകറ്റിക്കൊണ്ടിരുന്നു.
ഒടുക്കം കുട്ടികളെ വില്‍ക്കാരായപ്പോള്‍ കുറെ അറവുകാര്‍ ആവശ്യക്കാരായെത്തി.
അമ്മിണി എന്നെ ദയനീയമായി നോക്കുന്നു.
നല്ല വില തരാമെന്നു പറഞ്ഞിട്ടും കുഞ്ഞുങ്ങളെ അവര്‍ക്കു കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
സ്വന്തം മക്കളെ അറവുകാര്‍ക്ക് കൊടുത്തൂന്നു അറിഞ്ഞാല്‍ പാവം അമ്മിണി സഹിക്കുവോ.
ഒടുക്കം വളര്‍ത്താനായി ഒരു വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അവര്‍ക്കു കൊടുത്തു.
അമ്മിണിക്കും സന്തോഷമായി.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം എന്ന മുറക്ക് അമ്മിണി പ്രസവിച്ചു കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരുനാള്‍ വിജയമ്മ ടീച്ചര്‍ ബയോളജി ക്ലാസ്സില്‍ പഠിപ്പിക്കുന്നു.
“ജന്തുക്കളില്‍ ചിന്തിക്കുവാനുള്ള കഴിവും അവലോകന ശക്തിയും ഏറ്റവും കൂടുതലുള്ളത് മനുഷ്യനാണ്. ചിരിക്കാനുള്ള കഴിവു കിട്ടിയിരിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്”
ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.
എന്‍റെ ടീച്ചറെ ഈ പറയുന്ന കഴിവൊക്കെ എന്‍റെ അമ്മിണിക്കും ഉണ്ട്. അവള്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും. എന്നോട് സംസാരിക്കും. അവള്‍ ചിരിക്കും. എന്‍റെ കൂടെ കളിക്കും.
പക്ഷെ ടീച്ചറിന്‍റെ കയ്യിലെ വടിയുടെ നീളം കണ്ടപ്പോള്‍ പറയാന്‍ വന്നത് ഞാന്‍ ഉള്ളിലൊതുക്കി.
എന്നാലും ഈ ടീച്ചര്‍ എന്തൊക്കെ മണ്ടത്തരമാണ് ഈ പഠിപ്പിച്ചു കൂട്ടുന്നത്..
രണ്ടും മൂന്നും മക്കള്‍ എന്നാ കണക്കില്‍ അമ്മിണിയുടെ പ്രസവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. പക്ഷെ ഓരോ ക്ലാസുകള്‍ കൂടുന്തോറും ഞാനും അമ്മിണിയും തമ്മിലുള്ള അകലം കൂടി വന്നു. കളികള്‍ കുറഞ്ഞു വന്നു.
പഠിക്കാനുള്ള വിഷയങ്ങള്‍ കൂടുന്തോറും സ്കൂളും ട്യൂഷനും ഒക്കെയായി ആകെപ്പാടെ തിരക്കായി. ചില ദിവസങ്ങളില്‍ എനിക്ക് അമ്മിണിയോടു മിണ്ടാന്‍ പോലും സമയം കിട്ടാതെയായി.
അമ്മിണി എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടാവുമോ? അത് ശ്രദ്ധിക്കാന്‍ പോലും ഞാന്‍ മുതിര്‍ന്നില്ല. സ്കൂളിലും ട്യൂഷനിലും ഒരുപാട് കൂട്ടുകാരുണ്ടായപ്പോള്‍ ഈ ലോകത്തില്‍ ഫ്രണ്ട് ആയി ഞാന്‍ മാത്രമുള്ള അമ്മിണിയുടെ കാര്യം ഞാന്‍ മറന്നു. അല്ലെങ്കില്‍ പഠനത്തിരക്കുകള്‍ എന്നെക്കൊണ്ട് മനപ്പൂര്‍വ്വം അത് മറവിപ്പിച്ചു.
അമ്മിണിയുടെ മുഖത്തെ ചിരി എനിക്കിപ്പോള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. ഞാന്‍ പറയുന്നത് എന്താണെന്ന് അവള്‍ക്കും. പ്രസവിക്കാറാകുമ്പോള്‍ ആ മുഖത്തുണ്ടാവുന്ന നാണവും കുട്ടികളുണ്ടാവുമ്പോള്‍ ആ മുഖത്തുണ്ടാവുന്ന സന്തോഷവും ഞാനിപ്പോള്‍ ശ്രദ്ധിക്കുന്നില്ല.
കുട്ടികളെ മേടിക്കാന്‍ വരുന്നവര്‍ വളര്‍ത്തുകാരാണോ അതോ അറവുകാരാണോ എന്ന് ഞാന്‍ തിരക്കിയതേയില്ല.
ചിരിക്കാന്‍ കഴിയാത്ത ചിന്തിക്കുവാന്‍ കഴിയാത്ത വെറുമൊരു ആട് മാത്രമായി അമ്മിണി മാറിയോ?
ഒരു നാള്‍ അത്താഴം കഴിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു
“പിള്ളേര്‍ക്ക് രാവിലെ സ്കൂളില്‍ പോകാന്‍ എല്ലാം ഉണ്ടാക്കണം. വീട്ടുജോലികളുടെ കൂട്ടത്തില്‍ ആടിനെക്കൂടെ നോക്കാന്‍ എനിക്കിനി വയ്യ”
“ശരി എങ്കില്‍ വിറ്റേക്കാം. വടക്കേല്‍ പശു ഉണ്ടല്ലോ. പാല്‍ അവിടുന്നു വാങ്ങിക്കാം” അച്ഛനും സമ്മതിച്ചു.
അതൊന്നും കേട്ടപ്പോള്‍ എനിക്ക് യാതൊന്നും തോന്നിയില്ല. ഞാന്‍ ഒന്നും മിണ്ടിയതുമില്ല.
രണ്ടു ദിവസം കഴിഞ്ഞു.
ഒരു ഞായറാഴ്ച കൈലി ഉടുത്ത് തലയില്‍ തോര്‍ത്ത് കെട്ടും കെട്ടിയ ഒരാള്‍ വീട്ടില്‍ വന്നു. അയാള്‍ വീടിനു പുറകിലെ എരുത്തിലില്‍ വന്നു കുറെ നേരം അമ്മിണിയെ നോക്കി നിന്നു. മാറി നിന്ന് അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു.
പിന്നെ ഉച്ചയായപ്പോള്‍ അയാള്‍ അമ്മിണിയെ അഴിക്കാന്‍ വന്നു.
പരിചയമില്ലാത്ത ആള്‍ കെട്ടഴിച്ചപ്പോള്‍ അമ്മിണി കുതറി ഓടാന്‍ നോക്കി. അയാള്‍ ആഞ്ഞു വലിച്ചു. പിന്നെ കയറിന്‍റെ തുമ്പു മടക്കി അമ്മിണിയുടെ പുറത്ത് ആഞ്ഞൊരടി.
അമ്മേ!
അമ്മിണി ഒന്നു പുളഞ്ഞു. പിന്നെ കരഞ്ഞു കൊണ്ട് അമ്മിണി അയാളുടെ കയറിന്‍ പിടിയില്‍ ഒതുങ്ങി നിന്നു.
അമ്മിണി എന്‍റെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് ഞാന്‍ ആ പഴയ കാലത്തിലേക്ക് പോയതു പോലെ. കുറെ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ കണ്ണുകള്‍ വീണ്ടും പരസ്പരം സംസാരിച്ചു.
അമ്മിണിയുടെ മുഖത്തെ ദൈന്യത എനിക്കിപ്പോള്‍ വായിച്ചറിയാന്‍ പറ്റുന്നു. എന്നെ കൊടുത്തു വിടല്ലേ എന്ന് അവള്‍ എന്നെ നോക്കി കരഞ്ഞു.
ഞാന്‍ വീടിനുള്ളിലേക്ക് ഓടി.
‘അച്ഛാ അമ്മിണിയെ കൊടുക്കണ്ടാ’
‘അതെങ്ങനാ ഒരാളു രാവിലെ വന്ന് വില പറഞ്ഞുറപ്പിച്ചിട്ട് ഉച്ചക്ക് ആടിനെ കൊണ്ടു പോകാന്‍ വണ്ടിയുമായി വരുമ്പോള്‍ കൊടുക്കാന്‍ പറ്റില്ലാന്നു പറയാന്‍ പറ്റുമോ’.
ഞാന്‍ പിന്നെയും പറഞ്ഞു നോക്കി.
നിനക്കത്രക്ക് സങ്കടമുണ്ടേല്‍ രാവിലെ പറഞ്ഞുടാരുന്നോ. കൊടുത്ത വാക്കു മാറ്റാന്‍ പറ്റില്ലെന്നായി അച്ഛന്‍.
നിസ്സഹായനായി ഞാന്‍ വീടിന്‍റെ മുറ്റത്തേക്ക് വന്നപ്പോള്‍ കണ്ടത്..
അയാള്‍ അമ്മിണിയെ കൊണ്ടു പോകുന്നു. കഴുത്തില്‍ കയര്‍ മുറുകി നില്‍ക്കുന്നതിനാല്‍ ഒന്നു തിരിഞ്ഞു പോലും നോക്കാനാകാതെ അമ്മിണി അയാളുടെ പുറകേ.
അയാള്‍ അമ്മിണിയെ വലിച്ച് നാലഞ്ച് ആടുകള്‍ ഉള്ള ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. അതില്‍ ഒന്നായി എന്‍റെ അമ്മിണിയും.
ആ മുഖം കാണാന്‍ പറ്റിയില്ലെങ്കിലും ഇത്രെയും നാള്‍ തന്റേതെന്നു കരുതിയവര്‍ ഒരു നിമിഷം കൊണ്ട് തന്നെ ഊരും പേരും അറിയാത്ത ഒരുവനു വിറ്റതിനെയോര്‍ത്ത് അമ്മിണി കരയുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.
മറ്റ് ആടുകളുടെ കരച്ചിലിനിടയില്‍ അമ്മിണിയുടെ തേങ്ങല്‍ ഇപ്പോള്‍ എനിക്ക് തിരിച്ചറിയാം.
മറന്നതല്ല മറിച്ച് ഒരുപാട് കൂട്ടുകാരെ കിട്ടിയപ്പോള്‍, പഠിത്തത്തിന്‍റെ തിരക്കുകള്‍ വന്നപ്പോള്‍ അമ്മിണിയുടെ ചിരിയെ, ആ കണ്ണുകളെ  ഞാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നെന്നു അപ്പോള്‍ ഞാനറിഞ്ഞു.
അയാള്‍ അറവുകാരനാണോ അതോ വളര്‍ത്തുകാരനാണോ എന്നെനിക്കറിയില്ല. പക്ഷെ ആദ്യത്തേത് ആകരുതേ എന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു.
നിറ കണ്ണുകളുമായി പെട്ടി ഓട്ടോയോടോപ്പം അമ്മിണിയുടെ കരച്ചിലും അകലത്തേക്ക് മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു.
ഞാനും ഇപ്പോള്‍ കരയുകയാണ്. മാപ്പ് ചോദിക്കുകയാണ്.
ചുറ്റുമുള്ള മനുഷ്യര്‍ക്ക് മനസ്സിലാകാത്ത, ഒരിക്കല്‍ മറന്നു എന്നു ഞാന്‍ കരുതിയ, എന്‍റെ അമ്മിണിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷയില്‍..
ഈ ലോകം മനുഷ്യര്‍ക്ക് മാത്രം ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും മറ്റെല്ലാം നമ്മളെ സഹായിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചിരിക്കുന്നതാണെന്നുമുള്ള പൊതു ധാരണ കാലം എന്‍റെ മനസ്സിലും കുത്തിക്കയറ്റി.
അമ്മിണിയെ ഞാന്‍ മറന്നു.
ആ ഭാഷ ഞാന്‍ മറന്നു.
ഇവിടെ ഈ അറബി നാട്ടിലെ കോള്‍ഡ്‌ സ്റ്റോറേജുകളില്‍ ആടുമാടുകളുടെ കാലും ശരീരവും വില്‍പ്പനക്കായി തൂക്കിയിട്ടിരിക്കുന്നതു കാണുമ്പോള്‍ അമ്മിണിയുടെ ദയനീയ മുഖം ആലോചിക്കും. അതുപോലെ എത്ര തവണ അവ ആ അറവുകാരനെ നോക്കി കെഞ്ചിയിട്ടുണ്ടാകും.
പക്ഷെ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറയില്ല.
കാരണം സഹജീവികളെ മനസ്സിലാക്കാനുള്ള അന്നത്തെ പത്തു വയസ്സുകാരന്‍റെ കഴിവ് ആ അറവുകാരനെപ്പോലെ തന്നെ ഇപ്പോ എനിക്കുമില്ലല്ലോ.

ഒരു മാറ്റം. അത് കാലം തന്നെ കൊണ്ടു വരട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

സ്നേഹപൂര്‍വ്വം

മനു (മഹാ നുണയന്‍)

Sunday, August 25, 2013

കനകച്ചിലങ്കകൾ കിലുങ്ങുമ്പോൾ: ഒരു അഞ്ചാം ക്ലാസ്സുകാരന്റെ ഓർമ്മ

"ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ കാവ്യനർത്തകി എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള ഏതാനും വരികളാണ് ഞാൻ ഇവിടെ ഉദ്ധരിക്കുന്നത്"
യുവജനോത്സവത്തിൽ ഒരു അഞ്ചാം ക്ലാസ്സുകാരന്റെ ശബ്ദം ബിഷപ്പ് ഹോഡ്ജസ് സ്കൂൾ ഓഡിറ്റോറിയത്തിൽ മുഴങ്ങി.
"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങീ, കാഞ്ചന കാഞ്ചി കുലുങ്ങിക്കുലുങ്ങീ-
കടമിഴിക്കോണുകളിൽ  സ്വപ്നം മയങ്ങീ, കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങീ" 
ഒമ്പതാം ക്ലാസ്സുകാരുടെ മലയാളം പാഠത്തിലെ കവിത കാണാതെ പഠിച്ചു ഒരു കഥാപ്രസംഗം പോലെ ഞാൻ ചൊല്ലി.
ഇനി എന്റെ കവിത കേട്ടിട്ടാവുമോ എന്നറിയില്ല സ്റ്റേജിൽ നിന്ന് നോക്കുമ്പോ പ്രിൻസിപ്പാളും പള്ളീലച്ചനുമൊക്കെ ഞെട്ടിയിരിക്കുന്നു.
പാടി തീർന്നു കഴിഞ്ഞപ്പോൾ കയ്യടിയെക്കാൾ ഉച്ചത്തിൽ ഉയർന്നു പൊങ്ങിയത് ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ആയിരുന്നു. 
കൂട്ടത്തിൽ ഓഡിറ്റോറിയത്തിന്റെ പുറകിലത്തെ ഒരു കോണിൽ നിന്നു മാത്രം ഉച്ചത്തിലുള്ള കരഘോഷവും. അതെ 10E ഡിവിഷനിലെ ചേട്ടന്മാർ. എന്റെ ചേട്ടന്റെ ക്ലാസ്സ്. നരസിംഹം എന്നു ഇരട്ടപ്പേരുള്ള (ശരിക്കുമുള്ള പേരു ഞാൻ മറന്നു പോയി) ഒരു ടീച്ചർ ആയിരുന്നു അവരുടെ ക്ലാസ്സ് ടീച്ചർ. ഇതെന്ത് കണ്ടിട്ടാ ഇവന്മാർ മാത്രം കയ്യടിക്കുന്നത് എന്ന ഭാവത്തിൽ ടീച്ചർ ഒന്നു തിരിഞ്ഞു നോക്കിയതോടെ അവരും നിറുത്തി കയ്യടി.
ഒരു ദിവസം ക്ലാസ്സിൽ പാടാൻ വിളിച്ചപ്പോൾ സണ്‍‌ഡേ സ്കൂളിൽ പഠിപ്പിച്ച
"കോഴീ നീ നെല്ല് തിന്നരുതേ " എന്ന പാട്ടു പാടിയതിന്റെ പേരിൽ 'കോഴി' എന്ന ഇരട്ടപ്പേര് പത്താം ക്ലാസ്സു വരെയും ചുമക്കേണ്ടി വന്ന റോബിൻ രാജു ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ് ലീഡർ.
പക്ഷെ ഈ പാട്ടു പാടിയതിന്റെ പേരിൽ ആരും എന്നെ 'കനകേ' എന്ന് വിളിച്ചില്ല. കാരണം സ്കൂളിൽ വന്നതിന്റെ പിറ്റേ ആഴ്ച്ച തന്നെ മനു സി പിള്ള എന്ന എന്റെ പേര് 'മണുങ്ങു പിള്ള' എന്നാക്കി ചുരുക്കി നീട്ടി വിളിച്ചു കഴിഞ്ഞിരുന്നു പിള്ളേർ.
എന്തായാലും ആ കരഘോഷത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട് അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോ ആദ്യമായി ചേച്ചിയോട് ഞാനാ സത്യം വെളിപ്പെടുത്തി.
"എനിക്ക് വലുതാകുമ്പോൾ ഒരു കവി ആകണം"
"എന്നിട്ടെന്നാത്തിനാ ഇതുപോലെ ഓഡിറ്റോറിയങ്ങൾ നെടുവീർപ്പുകൾ കൊണ്ട് നിറക്കാനോ! വല്ല നല്ല കാര്യങ്ങളും ചെയ്തു കൂടെ നിനക്ക്?"
"എന്ത് നല്ല കാര്യം?" എന്റെ നിഷ്കളങ്കമായ സംശയം
"അതോ. എന്നെ നോക്ക്. ഞാൻ വലുതാവുമ്പോ മിഷനറീസിൽ ചേരും."
"അതെന്തുവാ?"
"എന്നു വെച്ചാൽ സാമൂഹ്യപ്രവർത്തനം. നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല" ഇതും പറഞ്ഞ് പോയി ചേച്ചി പഠിക്കാൻ പുസ്തകം എടുത്തു. ഞാൻ അവിടെയിരുന്നു ഭാവിയെപ്പറ്റി തലപുകഞ്ഞാലോചിച്ചു.
പിറ്റേന്ന് ക്ലാസ്സിൽ ഒരു പ്രഖ്യാപനവും നടത്തി.
"ഞാൻ വലുതാവുമ്പോൾ ഫിഷറീസിൽ ചേരും!"
ആർക്കും ഒന്നും മനസ്സിലായില്ല.
"അതെന്തുവാ ഈ ഫിഷറീസ്?" സിജു ചോദിച്ചു.
"എന്നു വെച്ചാൽ സാമൂഹ്യപ്രവർത്തനം. നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല"
എല്ലാവരും കണ്ണും മിഴിച്ചിരിക്കുന്നു.
പക്ഷെ കൂട്ടത്തിൽ ഒരാൾ മാത്രം ഉറക്കെ ചിരിച്ചു.
റിജോ രാജൻ! എന്നിട്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"എടാ മണ്ടാ അത് മിഷനറീസ്. ഫിഷറീസ് ന്നു വെച്ചാ മീപിടുത്തവാ"..
ഞങ്ങൾക്കും അറിയാമാരുന്നു പക്ഷെ മിണ്ടാഞ്ഞതാ എന്ന ഭാവത്തിൽ ബാക്കി എല്ലാരും ചിരി തുടങ്ങി. അഞ്ചു മുതൽ പത്തു വരെ ക്ലാസ്സിൽ ഒന്നാം റാങ്കിന്റെ പേറ്റന്റ്‌ സ്വന്തമാക്കിയ ശരണ്യ ശേഖർ വരെ.
നീ എന്നെ കളിയാക്കും അല്ലേ.     
റിജോ രാജനു മേലുള്ള എന്റെ പക ആളിക്കത്തി. അന്ന് ഉച്ചക്ക് പോലീസും കള്ളനും കളിക്കുമ്പോൾ അവനുള്ള പണി കൊടുക്കാൻ തന്നെ ഞാൻ ഉറച്ചു.
ചോറുണ്ടു കഴിഞ്ഞ് അറ്റീ സിറ്റീ എണ്ണിത്തിരിച്ചപ്പോൾ എന്റെ ഭാഗ്യം പോലെ തന്നെ റിജോ കള്ളന്മാരുടെ കൂട്ടത്തിൽ വന്നു. ഞാൻ പോലീസും. ഇന്ന് ഇവനെ ഓടിച്ചിട്ട്‌ പിടിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ രണ്ട് ഇടി കൊടുക്കണം എന്നു ഞാൻ ഉന്നം വെച്ചു. അല്ലെങ്കിൽ രണ്ട് ചവിട്ട്. പോലീസിന് കള്ളന്മാരെ എന്തും ചെയ്യാമല്ലോ.
കള്ളന്മാർ ഓട്ടം തുടങ്ങി. ഞങ്ങൾ പോലീസുകാർ പുറകേയും. റിജോ എന്നെക്കാൾ ഒരുപാട് മുന്നിലായിരുന്നിട്ടും ഞാൻ അവനെ മാത്രം ലക്ഷ്യം വെച്ച് ഓടി. ഇടക്ക് അവൻ സ്കൂൾ മുറ്റത്തെ ബദാം മരത്തിന്റെ വലിയ വേരുകളിലൊന്നിൽ തട്ടി വീണതു കാരണം എനിക്ക് കൂടുതൽ അടുത്തെത്താൻ പറ്റി. എന്നെക്കണ്ട പാടെ മണലിൽ നിന്നെണീറ്റു റിജോ വീണ്ടും ഓട്ടം തുടങ്ങി. പക്ഷെ അവൻ അധികം വേഗത്തിലാകും മുമ്പേ എനിക്ക് ഷർട്ടിൽ പിടുത്തം കിട്ടി. കിട്ടിയ പിടിയിൽ അവനെ വലിച്ച് താഴെയിടാനായി ഞാൻ ഷർട്ട്പിടിച്ചു ആഞ്ഞൊരു വലി കൊടുത്തു. നോക്കിയപ്പോ ഷർട്ടിന്റെ തുണി മാത്രം താഴെ കിടക്കുന്നു.അതാ സിനിമാ നടിമാരുടെ ബ്ലൌസ് പോലെ തുറന്ന പുറവുമായി റിജോ ഓടുന്നു
അതിനിടെ തന്റെ പുറകിൽ എയർ സർക്കുലേഷൻ കൂടുന്നത് തിരിച്ചറിഞ്ഞ റിജോ ഒന്നു നിന്നു. തിരിഞ്ഞു നോക്കി.
തന്റെ ഷർട്ടിന്റെ അവസ്ഥ മനസ്സിലാക്കിയ ആ ഉണ്ടക്കണ്ണുകൾ കൂടുതൽ വികസിച്ചു. കൊടുക്കാൻ ഉദ്ദേശിച്ച ഇടി തിരിച്ച് എനിക്കിട്ട് തന്നെ വരുമെന്ന് മനസ്സിലാക്കിയ എന്റെ ചങ്കും ഒന്ന് പിടഞ്ഞു.   
പോലീസ് കള്ളനും കള്ളൻ പോലീസുമായി.
ഞാൻ തിരിഞ്ഞോടാൻ തുടങ്ങുമ്പോ പിന്നെ കേട്ടത് അവന്റെ  കരച്ചിലാരുന്നു.
ടീച്ചറിനോട് പറയാതിരിക്കാൻ പോലീസ് കള്ളന്റെ കാലു പിടിച്ചു നോക്കി. ഒടുക്കം കള്ളൻ കനിഞ്ഞു. അവൻ പറഞ്ഞില്ല. പക്ഷെ പിടിച്ചേലും വലുത് മാളത്തിൽ എന്ന് ഞാനുണ്ടോ അറിയുന്നു.
പിറ്റേന്ന് അവൻ മമ്മിയേയും കൊണ്ട് വന്നു. ഞങ്ങടെ ക്ലാസ്സ്ടീച്ചർ ശാന്തമ്മ ടീച്ചർ ടീച്ചറിനേക്കാൾ നീളത്തിലുള്ള ഒരു വടിയുമായി വന്നു. റിജോയുടെ മമ്മി കാണാൻ എനിക്കൊരു അടിയും തന്നു.
നമ്മളിതൊക്കെ എത്ര കൊണ്ടതാ
"വെറുതെയാ ശബ്ദം മാത്രവേ ഒള്ളാരുന്നു. ഒട്ടും വേദനിച്ചില്ല. അല്ലേലും ശാന്തമ്മ  ടീച്ചർക്ക് എന്നോട് ഒരു പ്രത്യേക സ്നേഹവാ" ഞാൻ അടുത്തിരുന്ന മോൻസിയോട് പറഞ്ഞു.
മോൻസിയെ ഓർമ്മയില്ലേ? നമ്മുടെ പഴയ കഥയിലെ ഹീറോ. (ആ കഥ വായിക്കുവാൻ ഇവിടെ ക്ലിക്കുക)
തന്നേക്കാൾ വലിയ വടി ആണ് കയ്യിലുള്ളതെങ്കിലും അതിലും വലിയൊരു മനസ്സായിരുന്നു ടീച്ചറിന്റെ ഉള്ളിൽ ഉണ്ടായിരുന്നത്. 
ശാന്തമ്മ ടീച്ചറിനെപ്പോലെ കുട്ടികളെ  മനസ്സിലാക്കുന്ന അധ്യാപകരെ എന്റെ സ്കൂൾ ജീവിതത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
പിന്നീട് കോളേജുകളിൽ ഇവരേക്കാൾ അറിവും വിദ്യാഭ്യാസവും കൂടുതലുള്ള ഒരുപാട് ഫാക്ക്വൽറ്റീസ് മാറി മാറി വന്നുവെങ്കിലും തന്റെ വിദ്യാർഥികളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും എന്റെ സ്കൂൾ ടീച്ചർമാർക്കുള്ള കഴിവ് അവരിൽ  ആരിലും ഞാൻ കണ്ടിട്ടില്ല.
ഉച്ചക്ക് എല്ലാ കുട്ടികളും ചോറുണ്ണുന്ന സമയം എന്റെ ക്ലാസ്സിലെ സുജിത്ത് (പേര് യഥാർത്ഥമല്ല) എന്ന പയ്യൻ മാത്രം ക്ലാസ്സിൽ ഉണ്ടാകുമായിരുന്നില്ല. ഉച്ച തിരിഞ്ഞ് ക്ലാസ്സ്‌ തുടങ്ങുമ്പോൾ വീണ്ടും എത്തുന്ന അവൻ എവിടെപ്പോയതാണെന്ന് ഞാനടക്കം ആരുമൊട്ട് തിരക്കാറുമുണ്ടായിരുന്നില്ല. പക്ഷെ ഒരിക്കൽ വീട്ടിലെ അർദ്ധപട്ടിണി കാരണം കഴിക്കാൻ ഭക്ഷണമില്ലാത്തതു കൊണ്ട് അവൻ മാറി നില്ക്കുന്നതാണെന്ന് കണ്ടെത്തിയ ശാന്തമ്മ ടീച്ചർ അവന് ഭക്ഷണത്തിനുള്ള പൈസ സ്വന്തം പേഴ്സിൽ നിന്നും എടുത്ത് കൊടുത്തു. ചില ദിവസങ്ങളിൽ ക്ലാസ്സിലെ മറ്റു കുട്ടികൾ അവനുകൂടിയുള്ള ഭക്ഷണം കൊണ്ടുവന്നു കൊടുക്കാൻ ടീച്ചർ ഏർപ്പാട് ചെയ്തുഅതിനു ശേഷം ഒരിക്കൽ പോലും അവന് ഭക്ഷണ സമയങ്ങളിൽ പുറത്തിറങ്ങി പോകേണ്ടി വന്നിട്ടുമില്ല.     
അച്ഛൻകോവിലാറിന്റെ തീരത്തായിരുന്നതിനാൽ കൂടുതലും മണൽ വാരൽ തൊഴിലാളികളുടെ മക്കൾ ആയിരുന്നു എന്റെ സ്കൂളിൽ. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സുജിത്ത് മാർ  ധാരാളം ഓരോ ക്ലാസ്സിലും ഉണ്ടായിരുന്നു.
അവരുടെ വിഷമതകൾ കണ്ടറിയാൻ ദൈവം അയച്ചതു പോലെ ഇത്തരത്തിൽ ഒരുപാട് ശാന്തമ്മ ടീച്ചർമാരും.
ആ മധുര സ്മരണകളുടെ കനകച്ചിലങ്കകൾ എന്റെയുള്ളിൽ വീണ്ടും കിലുങ്ങുന്നു.  
മനുഷ്യൻറെ ഏറ്റവും വലിയ ഭീഷണി മനുഷ്യൻ തന്നെയാകുന്ന ഈ കാലഘട്ടത്തിൽ  കവി ചങ്ങമ്പുഴ തന്റെ കാവ്യനർത്തകിയുടെ വേർപിരിയലിനെയോർത്ത് സഹതപിച്ചതു പോലെ നമ്മുടെയുള്ളിലെ നന്മയാകുന്ന ആ കാവ്യ നർത്തകിയോടു നമുക്കും പാടാം.   
"പോകുന്നോ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലേ പോവല്ലേ പോവല്ലേ ദേവീ"

സ്നേഹപൂർവ്വം 

മനു (മഹാ നുണയൻ)












Monday, April 29, 2013

അയലത്തെ സുന്ദരി: ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ ഓര്‍മ്മ


അന്ന് ട്യൂഷന് പോകുന്നത് വീടിന്‍റെ അടുത്തുള്ള ഒരു വീട്ടിലായിരുന്നു. അവിടുത്തെ ശോഭ എന്ന അക്കയായിരുന്നു ഞങ്ങളുടെ ട്യൂഷന്‍ ടീച്ചര്‍. ഞങ്ങളുടെ എന്ന് വെച്ചാല്‍ എന്‍റെയും പിന്നെ അവളുടെയും. അവള്‍ ആരാണെന്നല്ലേ. എന്‍റെ അയലത്തെ വീട്ടിലെ സുന്ദരി!
വിവരക്കേടിന്‍റെ ‘വി’ യും നുണച്ചിയുടെ ‘ന’ യും ഉള്ള പേരോട് കൂടിയവള്‍. തല്‍ക്കാലം നമുക്കിവളെ വിലാസിനി എന്ന് വിളിക്കാം. (ഏതാണ്ട് അതേപോലൊരു പേരാ).

വീടിന്‍റെ പുറകില്‍ നിറയെ പാടങ്ങളും കുളങ്ങളുമൊക്കെയുണ്ട്. അവയുടെയെല്ലാമിടയില്‍ക്കൂടിയാണ് ഞാന്‍ അവളുടെ കയ്യും പിടിച്ച് ട്യൂഷനു പോകുന്നെ. അമ്മ വീട്ടില്‍ നിന്നും പറഞ്ഞു വിട്ടിരിക്കുന്നതാ ട്യൂഷന്‍ ക്ലാസ്സില്‍ പോകുമ്പോളും വരുമ്പോളും അവളുടെ കയ്യില്‍ മുറുക്കെ പിടിച്ചോണം എന്ന്. അങ്ങനെ ഞാനായി അവളുടെ ബോഡി ഗാര്‍ഡ്.

വായതുറന്നാല്‍ കള്ളം മാത്രം പറയുന്ന ഈ സുന്ദരിയുടെ നാക്ക് മൂലം ഞാന്‍ മേടിച്ചുകൂട്ടിയ തല്ലിന് യാതൊരു കയ്യും കണക്കുമില്ലാരുന്നു.
അങ്ങനെ എള്ളിന്‍പൂക്കള്‍ക്കിടയിലൂടെ അവളുടെ കയ്യില്‍ പിടിച്ച് നടക്കുമ്പോള്‍ ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു.

“ഓ ഇന്നു ട്യൂഷന് കേറണ്ട. നമുക്ക് കുളത്തിലെ മീനെ പിടിക്കാന്‍ പോകാം?”
“എന്തിനാ മീന്‍” എന്‍റെ നിഷ്കളങ്കമായ സംശയം
“അതോ അത് എനിക്ക് വളര്‍ത്താനാ. നല്ല മനുവല്ലേ. പ്ലീസ്”.
ആ വാക്കില്‍ ഞാന്‍ വീണു.
പക്ഷെ ഹോംവര്‍ക്ക് ചെയ്യാത്തതു കാരണം ട്യൂഷനു കയറാതിരിക്കാനുള്ള വിദ്യയായിരുന്നുവെന്ന് ഞാനുണ്ടോ അറിയുന്നു.


“അല്ല എങ്ങനെ പിടിക്കും മീനിനെ?”
“ദാ എന്‍റെ ഷാള് തരാം. അതിട്ട് പിടിച്ചോ”
വിലാസിനിയുടെ വാക്കും കേട്ട് ഞാന്‍ കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങി. അന്ന് വീട്ടില്‍ പറയാനുള്ള കള്ളവും അവള്‍ തന്നെ പറഞ്ഞു തന്നു.
“ഇന്നു ട്യൂഷനില്ലമ്മേ. ശോഭാക്കക്ക് പനിയാ”

പിറ്റേന്നും മീനെപ്പിടിക്കാന്‍ പോയി.
ഇന്ന് അവള്‍ പുതിയ കള്ളം പറഞ്ഞു തന്നു.
“പനി കൂടി. ശോഭാക്കയെ ആശുപത്രിയില്‍ കൊണ്ടുപോയേക്കുവാ”
കണ്ടത്തിന്‍റെ തെക്കുഭാഗത്തുള്ള ആ കുളത്തില്‍ നിറയെ വിവിധ നിറങ്ങളിലുള്ള പള്ളത്തിയും ചുട്ടിപ്പൂശാനുമൊക്കെയുണ്ടാരുന്നു. ഓരോ മീനിനെ പിടിക്കുമ്പോഴും കരയില്‍ ഇരുന്ന് അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു.

മീന്‍പിടുത്തം ഒരു രസമായിത്തുടങ്ങിയപ്പോള്‍ മൂന്നാമത്തെ ദിവസവും ഞാന്‍ പതിവുപോലെ ഷാളുമായി കുളത്തിലേക്കിറങ്ങി.
ഇന്ന് പറയാനുള്ള പുതിയ കള്ളം.
“ഒടുക്കത്തെ പനി. ശോഭാക്കയെ അഡ്മിറ്റാക്കി”!!!

മീന്‍ പിടുത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോ പതിവുപോലെ അമ്മ ചോദിച്ചു.

“എന്താടാ ഇന്നും ട്യൂഷനില്ലേ?”
“ഇല്ലമ്മേ ശോഭാക്കയെ അഡ്മിറ്റാക്കി”
പ്ടേ...
പറഞ്ഞു തീര്‍ന്നില്ല അതിനും മുമ്പേ അടി വീണു.

രണ്ടു ദിവസമായി പനി കൂടി ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്ന ശോഭാക്കയെ ചേട്ടന്‍ മാവേലിക്കര ടൌണില്‍ വെച്ച് കണ്ടത്രേ!!

“മനുവും വിലാസിനിയും എന്താ ഇപ്പൊ ട്യൂഷനു വരാത്തെ?”
“അതിനു ശോഭാക്കയെ എപ്പോളാ ഡിസ്ചാര്‍ജ് ചെയ്തേ?”

ഡിം

അവിടെത്തീര്‍ന്നു ഞങ്ങളുടെ കള്ളക്കളികള്‍. പോരാത്തേന് ഒക്കെ ചേട്ടന്‍ ചൂടോടെ അമ്മയോട് വന്നു പറഞ്ഞു കൊടുക്കുവേം ചെയ്തു.
അല്ലേലും ഈ ചേട്ടന്‍ പണ്ടുമുതല്‍ക്കേ എനിക്കൊരു പാരയാ.

“നിനക്ക് ട്യൂഷന് പോകാന്‍ വയ്യ അല്ലേ. ഹും അച്ഛനിങ്ങു വരട്ടെ”

“ഇക്കണക്കിന് പോയാല്‍ കുറച്ച് ദിവസം കൂടിക്കഴിയുമ്പോ നീയോക്കെക്കൂടി  ശോഭാക്കയുടെ സഞ്ചയനം നടത്തുമല്ലോ”

എരി കേറ്റാനായി സൈഡില്‍ ഇരുന്നോണ്ട് ചേട്ടന്‍റെ കമന്റ്‌
അല്ലേലും ഞാന്‍ തല്ലു കൊള്ളുന്നത് കാണുന്നെ ചേട്ടനൊരു രസമാ.
എന്ത് ചെയ്യാന്‍ അവനെ രസിപ്പിക്കാന്‍ വേണ്ടി ഞാന്‍ തന്നെ ഓരോ കാരണങ്ങളുണ്ടാക്കി എന്നും തല്ലു മേടിച്ചു കൊണ്ടേയിരുന്നു.

വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ അമ്മ കാര്യം അവതരിപ്പിച്ചു. പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ കൂട്ടത്തില്‍ ചേട്ടനും.
അച്ഛന്‍ ഒന്നും മിണ്ടിയില്ല. എന്താടാ എന്നു പോലും ചോദിച്ചില്ല.
“പാവം അച്ഛന്‍”.
ഞാന്‍ മനസ്സിലോര്‍ത്തു.
പ്രതീക്ഷിച്ച പോലെ ഒന്നും നടക്കാഞ്ഞതില്‍ ചേട്ടന് വല്ലാത്ത നിരാശ പോലെ.
പക്ഷെ പിടിച്ചതിലും വലുത് മാളത്തില്‍ എന്ന പോലെ പിറ്റേന്ന് മുട്ടന്‍ പണി എന്നെ കാത്തിരിപ്പുണ്ടാരുന്നു.

അന്ന് അച്ഛനാണ് എന്നെ ട്യൂഷന്‍ ക്ലാസ്സില്‍ കൊണ്ടു വിട്ടത്. അവിടെ വന്നു ഞാനും വിലാസിനിയും ഇത്രയും നാള്‍ ട്യൂഷനു വരാഞ്ഞതിന്‍റെ കാരണങ്ങള്‍ പറഞ്ഞു. എന്നിട്ട് ശോഭാക്കയുടെയും എന്‍റെ ഫെല്ലോ ട്യൂഷന്‍ പിള്ളേരും നോക്കിനില്‍ക്കെ അവിടെക്കിടന്ന ഒരു ചെമ്പരത്തിക്കമ്പ് എടുത്ത് എന്‍റെ ചന്തിക്ക് നാലു പെട.

സ്ഥിരം കൊള്ളുന്ന പാര്‍ട്ട്‌ ആയതുകൊണ്ട് വേദനയൊന്നും തോന്നിയില്ല. പക്ഷെ അത്രേം പേരുടെ മുന്നില്‍ വെച്ച്. അതും ചന്തിക്ക്...
എന്‍റെ അഭിമാനം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു.
കൂട്ടത്തില്‍ നമ്മുടെ സുന്ദരിക്കും കൂടെ രണ്ടെണ്ണം കിട്ടിയിരുന്നേല്‍ ഒരു ആശ്വാസം ഉണ്ടാരുന്നു. ഇത് ഞാന്‍ ഒറ്റക്ക്.

അടിയുടെ വേദനയോ അഭിമാനം തകര്‍ന്നതോ പോട്ടെ, അതിലുപരി അവള്‍ക്കു കൂടി രണ്ടെണ്ണം കിട്ടിയില്ലല്ലോ എന്ന വേദനയില്‍ ഞാന്‍ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.
ശോഭാക്കയും അവിടുത്തെ അമ്മയും ഒക്കെ കുറേ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ  ഞാന്‍ നിര്‍ത്തുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോ തോറ്റ് പിന്മാറി.

കുറച്ച് കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നും ഒരു കൈ എന്‍റെ തോളില്‍ സ്പര്‍ശിച്ചു. നനഞ്ഞ കണ്‍പീലികള്‍ക്കിടയിലൂടെ ആ കയ്യുടെ ഉടമയെ ഞാന്‍ തിരിച്ചറിഞ്ഞു.

അവ്യക്തമായ ആ മുഖം. അതേ. അവള്‍. വിലാസിനി.

“പോട്ടെ മനൂ. ഇനി ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ”

ഞാന്‍ കണ്ണു തിരുമ്മി ഒന്നുംകൂടെ നോക്കി. ഇവള്‍ തന്നെയാണോ ഈ പറയുന്നേ. യൂ റ്റൂ ബ്രൂട്ടസ്സീ.
മനസ്സില്‍ ഒരു നൂറായിരം തെറികള്‍ ഒരുമിച്ച് വന്നു. പക്ഷെ അതിന്‍റെ പേരില്‍ വീണ്ടും തല്ലു കൊല്ലാന്‍ വയ്യാത്തതുകൊണ്ട് എല്ലാം ഞാന്‍ ഒരു ചിരിയില്‍ ഒതുക്കി. എന്നിട്ട് അവളോടായിപ്പറഞ്ഞു.

“ഇല്ല കുട്ടീ. ഇനി ഒരിക്കലും ഞാനിതാവര്‍ത്തിക്കില്ല”

പക്ഷെ എന്‍റെ മറുപടി ആ ചോദ്യത്തിനുള്ളതായിരുന്നില്ല. ആവര്‍ത്തിക്കില്ല എന്ന് അവള്‍ ചിന്തിച്ചതും ഞാന്‍ ഉദ്ദേശിച്ചതും വേറെയായിരുന്നു.

പക്ഷെ വെള്ളത്തില്‍ ചാടുന്നത് ഒരു ത്രില്‍ ആയിരുന്നതിനാല്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഞാന്‍ കൂട്ടുകാരുടെ കൂടെ പിന്നെയും കണ്ട കുളങ്ങളിലും തോടുകളിലും പോയിക്കൊണ്ടിരുന്നു.
ഇടക്കൊക്കെ വീട്ടില്‍  പൊക്കുമെങ്കിലും പുതിയ പുതിയ കള്ളങ്ങള്‍ എന്നെ രക്ഷിച്ചു.

വര്‍ഷങ്ങള്‍ കുറേ കടന്നു പോയി.

ഇന്ന് വീടിന്‍റെ പുറകില്‍ പഴയതുപോലെ കുളങ്ങള്‍ ഇല്ല. കൃഷി ഇല്ല.

മനുഷ്യന്‍റെ ആര്‍ത്തി അവയേയൊക്കെയും ഒരിക്കലും തിരിച്ചു വരാത്ത വിധം കുറേ ചുവന്ന മണ്ണിന്‍റെ അടിയിലായിരിക്കുന്നു.
കാലമാകുന്ന മണ്ണിനാല്‍ എന്‍റെ ഓര്‍മ്മകളും മൂടപ്പെട്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാത്തതു പോലെ ആ നല്ല നിമിഷങ്ങളും.