“തൂപ്പ് വേണോ
തൂപ്പ്, വേണം വേണം വേണം
എത്രയണക്ക്
വേണം, നാലണക്ക് വേണം”
അമല സ്കൂളിന്‍റെ
നല്ല വെളുത്ത നിറത്തിലുള്ള പഞ്ചാരമണലില്‍ ഇരുന്നു കൊണ്ട് ഞങ്ങള്‍ കളിക്കുന്ന ഒരു
കളിയിലെ പാട്ടാണ് ഇത്. ആ ചെറിയ കളിസ്ഥലം അന്നത്തെ ഞങ്ങളുടെ ഒരു സ്വര്‍ഗ്ഗമായിരുന്നു.
സ്കൂള്‍ ഗ്രൗണ്ടിലെ തെങ്ങോലകളുടെ തണലില്‍ ഒരു വട്ടത്തില്‍ ഞങ്ങള്‍ കൂടിയിരിക്കും.
ഒരാള്‍ കയ്യില്‍ കുറെ പച്ചിലകളുമായി ഈ പാട്ടും പാടിക്കൊണ്ട് വട്ടത്തിനു ചുറ്റും
നടക്കും. മറ്റു കുട്ടികള്‍ അതേറ്റു പാടും. ഇതിനിടെ കൂട്ടത്തില്‍ ഒരാളുടെ പുറകില്‍
അവന്‍ അറിയാതെ ഈ തൂപ്പ് നിക്ഷേപിക്കും. അതോടെ അതുവരെ തൂപ്പ് പിടിച്ചിരുന്നവന്‍
ഓടും. മറ്റവന്‍ തൂപ്പും എടുത്ത് കൊണ്ട് ഇവന്‍റെ പുറകെയോടും. തൂപ്പും കൊണ്ട് അടി
മേടിക്കാതെ വട്ടത്തിനുള്ളില്‍ എത്തുക എന്നതാണ് ലക്ഷ്യം. സാധിച്ചാല്‍ മറ്റവന്‍
തൂപ്പുകാരനാകും. ഇല്ലെങ്കില്‍ വീണ്ടും പഴയ വ്യക്തി തന്നെ തൂപ്പും കൊണ്ട് നടക്കണം.
കേട്ടാല്‍
ഇതിലെന്ത് ഇത്ര കാര്യം എന്ന് തോന്നും. പക്ഷെ ഇന്നത്തെ കുട്ടികളെപ്പോലെ
പ്ലേസ്റ്റേഷനും ഓണ്‍ലൈന്‍ ഗയിമുകളും ഒന്നും കണ്ടു വളര്‍ന്നിട്ടില്ലാത്ത ഞങ്ങള്‍ക്ക്
കനാലിന്‍റെ സൈഡിലുള്ള ആ ചെറിയ കളിസ്ഥലമായിരുന്നു പ്ലേസ്റ്റേഷന്‍. ഇതുപോലത്തെ ചെറിയ
ചെറിയ കളികളായിരുന്നു ഏറ്റവും സന്തോഷം പകരുന്നവ.
മുമ്പ് പറഞ്ഞ
തൂപ്പ് കളിയിലെ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഞങ്ങടെ ക്ലാസ്സിലെ നിജില്‍
ഗോപിനാഥ്. ആള് ഇച്ചിരിയെ ഉള്ളായിരുന്നുവെങ്കിലും ഓട്ടത്തില്‍ നല്ല സ്പീഡ്
അവനായിരുന്നു. ട്വന്റി ട്വെന്റി യില്‍ കളിക്കുന്ന രാഹുല്‍ ദ്രാവിഡിനെപ്പോലെ തൂപ്പ്
കളിയില്‍ സ്ഥിരം തൂപ്പുകാരനാകുന്ന ഒരാള്‍ ഞങ്ങടെ ക്ലാസ്സിലും ഉണ്ടായിരുന്നു. അക്കാലത്ത്
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വെളുത്ത ചെറുക്കന്‍. പേര് ജെയ്സണ്‍.
ഒരിക്കല്‍
തൂപ്പുകളിക്കിടയില്‍ പതിവുപോലെ അവന്‍ തൂപ്പുകാരനായി. അങ്ങനെ അവന്‍ തൂപ്പും കൊണ്ട്
നടക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. ഇന്നത്തെ ലോ വെയിസ്റ്റ്
പാന്റ്സ് പോലെ അവനും ഇട്ടിരിക്കുന്നു ഒരു
ലോ വെയിസ്റ്റ് നിക്കര്‍. ഈ സംഗതി അന്ന് വരെ കണ്ടിട്ടില്ലാത്തോണ്ട് പുതിയ ഫാഷന്‍
ആകുമെന്നു മറ്റുള്ളവരെപ്പോലെ ഞാനും കരുതി.
ഹോ സമ്മതിക്കണം
ആ ചെറുക്കന്‍ ഭയങ്കര സ്റ്റൈലിഷ് തന്നേ.
ഇടയ്ക്ക് കഷ്ടകാലത്തിനു
അവന്‍ എന്റെ പുറകില്‍ത്തന്നെ തൂപ്പ് നിക്ഷേപിച്ചു. എന്നിട്ട് ജീവനും കൊണ്ട് ഓടി.
പുറം തിരിഞ്ഞു, കയ്യില്‍ കിട്ടിയ തൂപ്പുമായി ജയ്സണെ തല്ലാന്‍വേണ്ടി ഞാന്‍ പുറകേ.
എങ്ങാനും അവന്‍ എന്നെ വെട്ടിച്ചു വട്ടത്തിനുള്ളില്‍ കേറിയാല്‍ ട്വെന്റി
ട്വെന്റിയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ കയ്യില്‍ നിന്ന് സിക്സറു വാങ്ങിച്ച ബൌളറുടെ
അവസ്ഥയാകും എനിക്ക്. അതുകൊണ്ട് സകല ശക്തിയുമെടുത്ത് ഞാന്‍ പുറകെയോടി. അതിനിടയിലാണ്
ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ജെയ്സണ്‍ന്‍റെ ലോവെയിസ്റ്റ് കൂടുതല്‍ ലോ
ആയിക്കൊണ്ടിരിക്കുന്നു.
ഇനി ഇതും പുതിയ
ഫാഷന്‍ ആന്നോ!!!
ലോ വെയിസ്റ്റിന്‍റെ
പുറകിലുള്ള രഹസ്യം ഫാഷന്‍ അല്ല മറിച്ച് നിക്കറിന്റെ ഹുക്ക് പോയതാണെന്ന് അപ്പോളാണ്
എനിക്ക് മനസ്സിലായത്. പാവം ജെയ്സണ്‍ ഓടുന്നതിനിടയില്‍ നിക്കര്‍ വലിച്ചു കയറ്റാന്‍
ഒരു വിഫല ശ്രമം നടത്തുന്നുമുണ്ട്. കഷ്ടമെന്നു പറയട്ടെ ഓട്ടത്തിനിടയില്‍ ഉണ്ടായിരുന്ന
പിടിവള്ളിയും വിട്ട് ആ നീല നിക്കര്‍ താഴേക്ക്. ലോ വെയിസ്റ്റ് ബിലോ വെയിസ്റ്റ്
ആയി!!
പ്ടിം
താഴേക്ക് വന്ന
നിക്കറില്‍ കാല്‍ കുരുങ്ങി പാവം ജെയ്സണ്‍ മൂക്കും കുത്തി നിലത്ത്.
സത്യം പറഞ്ഞാല്‍
അപ്പൊ കണ്ട കാഴ്ച്ച, ഹോ അതും ഞാന്‍ അന്നു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും
വെളുത്തത്!!!!!!!!
കമിഴ്ന്നു
കിടക്കുന്ന ജെയ്സണിനു നിക്കര്‍ ഇടാന്‍ സമയം കിട്ടുന്നേനു മുമ്പ് തൂപ്പു വെച്ച്
ഞാന്‍ അവന്‍റെ തല തല്ലിപ്പറിച്ചു.
പാവം തൂപ്പുകാരന്‍
പിന്നെയും തൂപ്പുകാരന്‍ ആയി
“ഹോ ദുഷ്ടന്‍
പാവം ചെറുക്കനെ വെറുതേ അടിക്കുന്നെ കണ്ടില്ലേ”
പുറകിലിരുന്ന്
കറുത്ത കണ്മഷിയിട്ട പുരികങ്ങളോട് കൂടിയ ഒരു ഇരുനിറക്കാരി പറയുന്നുണ്ടായിരുന്നു.
പക്ഷേ അപ്പോഴത്തെ ആവേശത്തില്‍ ഞാനതൊന്നും ശ്രദ്ധിച്ചതേയില്ല.
ടീച്ചറുടെ മേല്‍നോട്ടത്തില്‍
ഞങ്ങള്‍ കളിക്കുന്ന മറ്റൊരു കളിയായിരുന്നു തൂവാലയെടുപ്പ്. കുട്ടികള്‍ രണ്ടു ലൈന്‍
ആയിട്ട് മുഖത്തോട് മുഖം നോക്കി നില്‍ക്കും. നടുക്ക് കളത്തില്‍ ഒരു തൂവാലയും
വെക്കും. ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ ഉണ്ട്. എതിരെ നില്‍ക്കുന്ന ആളിനും സമാനമായ
നമ്പര്‍ ആണ്. നമ്പര്‍ വിളിക്കുമ്പോ ആ നമ്പറിലുള്ള രണ്ടു പേരില്‍ ആര് ആദ്യം ചാടി
തൂവാല എടുക്കുന്നുവോ അവന്‍/അവള്‍ നില്‍ക്കുന്ന ലൈനിനു ഒരു പോയിന്റ്. അങ്ങനെ
ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്ന ലൈനിലെ പിള്ളേര്‍ വിജയികള്‍. ആ കളിയില്‍ എന്‍റെ
സ്ഥിരം എതിരാളി മുടി മുന്‍പിലേക്കും പിന്നിലേക്കും ക്രോപ്പ് ചെയ്തിട്ട ഒരു
മൊട്ടച്ചി കൊച്ചായിരുന്നു. പേര് ജെമി അലക്സ്. മോന്‍സി പോയതിനു ശേഷം ക്ലാസ്സില്‍
ഞാന്‍ ഈ പ്രസ്തുത മൊട്ടച്ചിയോടോപ്പമായിരുന്നു ഇരുന്നിരുന്നത്. പക്ഷെ ഇന്നതൊക്കെ
മാറി കേട്ടോ. നല്ല അഴകാര്‍ന്ന കാര്‍കൂന്തലിന്‍റെ ഉടമയാണ് ആളിപ്പോ.
ആ അപ്പോ ജെമി. ആണ്‍പിള്ളേരെ
പോലും ഓടി തോല്‍പ്പിക്കുന്ന ഈ സുന്ദരി സ്ഥിരം ഈ കളിയില്‍ എന്‍റെ എതിരായിരുന്നു
വന്നിരുന്നത്. ഒരു പെണ്ണിനോട് തോല്‍ക്കുന്ന അപമാനഭാരം താങ്ങാന്‍ കഴിയാത്തതിനാല്‍
കളിക്കുമ്പോള്‍ ഞാന്‍ എങ്ങനേലും അവള്‍ മുന്നില്‍ വരാതെ മാറി നില്‍ക്കും. പക്ഷെ
എവിടുന്നാണെന്നറിയില്ല കളി തുടങ്ങുമ്പോ ഈ പണ്ടാരം എന്‍റെ മുന്‍പില്‍ തന്നെ
ഉണ്ടാകും.
വല്ല മേരി ജിനി
ഫിലിപ്പും ആയിരുന്നെങ്കില്‍ സിമ്പിള്‍ ആയിട്ട് ജയിക്കാമായിരുന്നു. മൂക്കും കുത്തി
വീണാലും ഞാന്‍ പുസ്തകത്തിന്‍റെ മുകളിലേ വീഴൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന
കൊച്ചാ. അതും പോരാഞ്ഞിട്ടു ക്ലാസ്സിലായാലും സണ്‍ഡേ സ്കൂളിലായാലും ഫസ്റ്റ് റാങ്ക്
എന്‍റെ ജന്മാവകാശമാണെന്നുള്ള ഉഗ്രശപഥവും ചെയ്തിട്ടുണ്ട് കക്ഷി. അപ്പൊ പിന്നെ ഓടാനൊക്കെ
എവിടുന്നു സമയം.
പക്ഷെ ഒള്ളത്
പറയണമല്ലോ ആ സമയത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വൃത്തിയുള്ള
കയ്യക്ഷരം ഈ കൊച്ചിന്‍റെതായിരുന്നു (ഏറ്റവും മോശം എന്‍റെതും).
ഒരിക്കല്‍
പതിവില്ലാതെ ഈ കളിക്കിടെ നമ്മുടെ സ്ഥിരം മൊട്ടച്ചി മാറിയിട്ട് കണ്മഷിയിട്ട കറുത്ത പുരികങ്ങളോടു
കൂടിയ ഇരുനിറത്തിലുള്ള ഒരു പെണ്ണ് എന്‍റെ മുന്നില്‍ വന്നു. മുമ്പ് എന്‍റെ കുറ്റം
പറഞ്ഞ അതേ വ്യക്തി. നമ്മുടെ കഥയിലെ വില്ലത്തി.
ഈ ബ്ലോഗിനൊരു
പ്രത്യേകതയുണ്ട്. ഞാനല്ലാതെ വേറെയാരു വില്ലന്‍ കഥാപാത്രമായി വന്നാലും അവന്‍/അവള്‍
ടെ ഐഡന്റിറ്റി ഈ ബ്ലോഗ് വെളിപ്പെടുത്തുകയില്ല. ബ്ലോഗിന്‍റെ പ്രത്യേകത
അതായിപ്പോയില്ലേ അതുകൊണ്ട് തല്‍ക്കാലം ഈ വ്യക്തിത്വത്തെ നമുക്ക് Ms. X എന്നു
വിളിക്കാം.
കളിയില്‍ ഞാന്‍
മൂന്നാമത് നില്‍ക്കുന്നു എന്‍റെ മുന്നില്‍ Ms. X ഉം നില്‍ക്കുന്നു. അതാ ടീച്ചര്‍
നമ്പര്‍ വിളിക്കാന്‍ പോകുന്നു.
ആകാംക്ഷയുടെ
നിമിഷങ്ങള്‍ ഡിം ഡിം
“മൂന്ന്‍”
അതാ ഞങ്ങടെ
നമ്പര്‍ തന്നെ വിളിച്ചിരിക്കുന്നു. ആവേശത്തില്‍ ഞാന്‍ ആദ്യം തൂവാല എടുക്കുന്നതിനായി
മുന്‍പിലേക്ക് ചാടി. ഒപ്പം അവളും.
ഒരു
കൂട്ടിയിടിയുടെ നിമിഷങ്ങള്‍...
ഞാന്‍ ആദ്യം
തൂവാലയില്‍ പിടുത്തമിട്ടു. ഉടനെ അവളും അതില്‍ കേറിപ്പിടിച്ചു.
ഞാന്‍ വലിച്ചു
നോക്കി.
ഇല്ല
കുടഞ്ഞു നോക്കി
ഇല്ല
വലിച്ചോണ്ട്
ഓടാന്‍ നോക്കി
ഇല്ല ഇവള്‍
വിടുന്ന ലക്ഷണമില്ല
ആഹാ അത്രക്കായോ
അതും വെറും ഒരു
പെണ്ണ്
ദേഷ്യം കൊണ്ട് ഒടുക്കം
ഫ്രീ ആയിട്ടിരുന്ന ഇടതു കൈ വെച്ച് ഞാന്‍ അവള്‍ടെ കയ്യില്‍ ഒറ്റ മാന്തല്‍.
വിചാരിച്ച
ശക്തിയില്‍ മാന്തല്‍ കൊണ്ടില്ലെങ്കിലും അതോടെ പെണ്ണ് പിടി വിട്ടു. സന്തോഷത്തില്‍ ഞാന്‍
തൂവാലയും കൊണ്ട് തിരിച്ച് ഓടുമ്പോള്‍ പുറകില്‍ നിന്നും ഒരു നാദസ്വരം കേട്ടു.
അതേ എന്‍റെ
മാന്തലിന്‍റെ പരിണിത ഫലം. പെണ്ണ് ഉച്ചത്തില്‍ കിടന്ന് കാറുന്നു. മാന്തിയതിന്‍റെ
തെളിവായി ചെറിയൊരു പാടു മാത്രമേയുള്ളൂ. പക്ഷെ എന്നെപ്പോലെ ഒരു പുരുഷന്‍റെ മുന്നില്‍
അടിയറവു പറയേണ്ടി വന്നതിന്‍റെ സങ്കടം അവളില്‍ കണ്ണുനീരായി ഒഴുകി. പുട്ടിനു പീരയെന്ന കണക്കേ
ഇടക്ക് നിലവിളിയുമുണ്ട്. കണ്ണിലെ കണ്മഷി ഒഴുകിപ്പടര്‍ന്ന് സ്വതവേ അല്‍പ്പം കറുത്ത
ആ മുഖം കൂടുതല്‍ കരിഞ്ഞ പരുവമായി.
കരച്ചിലിന്‍റെ
ഇടയില്‍ ചുവന്നു തുടുത്ത കണ്ണുകളോടെ അവള്‍ എന്നെയൊന്നു നോക്കി.
ഓ ഒരു പെണ്ണു
വിചാരിച്ചാല്‍ എന്നെപ്പോലെ തടിമിടുക്കും തന്റേടവുമുള്ള ഒരു മൂന്നാം ക്ലാസുകാരനെ
എന്നാ പുളുത്താനാ എന്ന ഭാവത്തില്‍ ഞാനും തിരിച്ച് കടുപ്പിച്ച് ഒരു നോട്ടം നോക്കി.
പക്ഷെ അതിന് അവള്‍
ഇത്രേം വല്ലിയ ഒരു പണിയാണ് എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത് എന്ന് ഞാന്‍
സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
അക്കാലത്തെ
ഞങ്ങളുടെ പേടി സ്വപ്നമായിരുന്നു ഡയ്സി ടീച്ചര്‍. മിക്കവാറും ഇടതു കയ്യില്‍
ഇംഗ്ലീഷ് പുസ്തകവും വലതു കയ്യില്‍ മുട്ടക്കാട്ടന്‍ ഒരു ചൂരലും പിടിച്ച് ചുവന്ന
സാരിയും ഉടുത്ത് എണ്ണ പുരളാത്ത മുടി മുന്നിലോട്ടും പിന്നിലോട്ടും പാറിപ്പറത്തി
നടക്കുന്ന ഭൂമിയിലേക്കിറങ്ങി വന്ന മാലാഖ. ഞങ്ങള്‍ കുട്ടികള്‍ക്ക് ശരിക്കും ഒരു
പേടി സ്വപ്നം!!!
ഡയ്സി ടീച്ചറിന്
ഒരു പ്രത്യേകത ഉണ്ടായിരുന്നു. ടീച്ചര്‍ പതിവ് ഇംഗ്ലീഷ് പുസ്തകം മറന്നാലും, മുടി
പാറിപ്പറത്താന്‍ മറന്നാലും, വലതു കയ്യിലെ ആ ചൂരല്‍ ഒരിക്കലും
മറക്കാറില്ലായിരുന്നു. അതിന്‍റെ നീളം ഹോ അതൊരുപക്ഷെ വിനീത് രാജനെക്കാളും കാണും.
അവനാരുന്നല്ലോ ക്ലാസ്സിലെ ഏറ്റവും ഉയരം കൂടിയവന്‍.
സൈസിന്‍റെ
കാര്യത്തിലും ക്ലാസ്സിലെ ഏറ്റവും വലിയ ചെറുക്കന്‍ അവനായിരുന്നു. കണ്ടാല്‍
മൊത്തത്തില്‍ ഒരു ഗുണ്ട ലുക്ക് ഉള്ളവന്‍. പക്ഷെ ഒള്ളത് പറയാല്ലോ ഈ ഗുണ്ട ലുക്ക്
കാഴ്ച്ചയില്‍ മാത്രമേയുള്ളു. ഒരു മാടപ്രാവിന്‍റെ മനസ്സാരുന്നു അവന്.
പക്ഷെ ഞാനാരാ
മോന്‍. ആ മാടപ്രാവിന്‍റെ കയ്യില്‍ നിന്ന് വരെ ഞാന്‍ കൊത്തു മേടിച്ചിട്ടുണ്ട്.
ഹല്ല പിന്നെ..
എന്‍റടുക്കേലാ അവന്‍റെ കളി.
ആ അപ്പോ
ഡയ്സിടീച്ചര്‍. ക്ലാസ്സില്‍ സ്ഥിരമായി തല്ലു മേടിച്ച് കൂട്ടിയിരുന്ന ഈ ഞാന്‍ പോലും
ഡയ്സി ടീച്ചറിന്‍റെ തല്ലു കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമാരുന്നു. കാരണം
ആ തല്ല് ഒരു പ്രിവന്റിവ് മെഡിസിന്‍ പോലെ ആയിരുന്നു എന്നതാണ്. ഒരു വെട്ടം കിട്ടിയാല്‍
മതി ജീവിതകാലം മൊത്തം ആ എഫെക്റ്റ് നിലനില്‍ക്കും.
ഒരിക്കല്‍
ടീച്ചറിന്‍റെ ഒരു തല്ലിന് ഞാന്‍ കൈ വലിച്ചു. ഉന്നം മാറി വന്ന ആ ചൂരല്‍ കൊണ്ടിട്ട്
ബഞ്ചില്‍ വെച്ചിരുന്ന അരുണ്‍ രാജിന്‍റെ പെന്‍സില്‍ ഒടിഞ്ഞു രണ്ട് കഷണമായി തെറിച്ചു.
അത്രയ്ക്കുണ്ടായിരുന്നു ആ അടിയുടെ ശക്തി.
ഇനി കഥയുടെ
പ്രസക്ത ഭാഗത്തിലേക്ക് കടക്കാം..
മുമ്പ് പറഞ്ഞ
തൂവാല എടുക്കല്‍ മത്സരത്തിനു ശേഷം ക്ലാസ്സില്‍ ഇങ്ങനെയൊരു ശ്രുതി പരന്നു.
“എടീ ഒരു ഭയങ്കര
സംഭവം കേള്‍ക്കണോ. ഡയ്സി ടീച്ചര്‍ ഒരു മൂപ്പു സാധനമാണത്രേ”
“ഈശ്വരാ ആരാടീ
അങ്ങനെ പറഞ്ഞെ??”
“ആ മനു. അവന്‍
അടുത്തിരിക്കുന്ന കൊച്ചിനോട് പറയുന്നത് ഞാനെന്‍റെ ചെവി കൊണ്ട് കേട്ടതാ”
പാതകം
കൊടുംപാതകം!!!!!!!
വഴിയേ പോകുന്ന
ഉലക്കയോട് ഒന്നു കേറി എന്‍റെ മുതുകത്ത് നാലു തന്നിട്ട് പോ എന്ന അവസ്ഥയായി
എന്റേത്. എല്ലാം എന്‍റെ നാക്കിന്‍റെയാ. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ പോലെ.
ഒരു കണ്ട്രോളുമില്ല.
വായീത്തോന്നുന്നത്
വിളിച്ച് പറയുന്നതിനിടയില്‍ ഇനി ഞാന്‍ ഡയ്സി ടീച്ചറിനെക്കുറിച്ച് അങ്ങനെങ്ങാനും
പറഞ്ഞോ!! ആ അത് എനിക്കിപ്പോളും അറിഞ്ഞൂടാ. ഇനി പറഞ്ഞെങ്കില്‍ത്തന്നെ ഇത്രേം വല്ലിയ
സീക്രട്ട് പതുക്കെയല്ലേ പറയുന്നത്. അപ്പോ മറ്റുള്ളവര്‍ അതെങ്ങനെ കേള്‍ക്കും?
എല്ലാം ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങള്‍.
എന്തായാലും അതോടെ
സംഗതി വല്ല്യ പുകിലായി.
ഈശ്വരാ ഇത്രേം
പാവം പിടിച്ച ടീച്ചറിനെക്കുറിച്ചാണല്ലോ അവന്‍ അങ്ങനെ പറഞ്ഞെ എന്ന ഭാവത്തില്‍
എല്ലാരും എന്നെ നോക്കുന്നു. ഇങ്ങേയറ്റം ടീച്ചറിന്‍റെ കയ്യിന്നു ദിവസവും ഏറ്റവും
കൂടുതല്‍ തല്ല് മേടിച്ച് കൂട്ടുന്ന ശ്രീനിവാസന്‍ പിള്ള വരെ. എല്ലാത്തിന്‍റെയും
മനസ്സില്‍ ടീച്ചറിന് ഒരു പൂതന ഇമേജ് ആണെന്ന കാര്യം വ്യക്തമാണ്. പക്ഷെ ഇപ്പോ
എല്ലാരും വല്ല്യ പുണ്യാളന്‍മാര്‍. ഞാന്‍ മാത്രം പെശക്.
സംഗതി പിള്ളേരു
വഴി ടീച്ചര്‍മാര്‍ വഴി സിസ്റ്ററിന്‍റെ ചെവിയില്‍ വരെ എത്തിപ്പെട്ടു. തീര്‍ന്നില്ലേ
എന്‍റെ അവസ്ഥ. ഞാന്‍ സിസ്റ്ററിന്‍റെ റൂമില്‍ വിളിപ്പിക്കപ്പെട്ടു.
പകുതി അടഞ്ഞ ജന്നലിന്റെ
ഇടയിലൂടെയും ഓടിന്‍റെ ഇടയിലെ ഗ്ലാസ് വഴിയും മാത്രം നേരിയ പ്രകാശം കടക്കുന്ന ആ
മുറിയില്‍ സിസ്റ്ററും കുറെ ടീച്ചര്‍മാരും ഇപ്പോ ഞാനും മാത്രം. ശരിക്കും ഒരു
കോടതിമുറിയിലെ അന്തരീക്ഷം. സിസ്റ്റര്‍ ജഡ്ജ്. നിരന്നിരിക്കുന്ന ടീച്ചര്‍മാര്‍
എല്ലാം വാദിഭാഗം വക്കീലന്മാര്‍. പ്രതിഭാഗം ഹാജരാവാന്‍ പാവം ഈ പ്രതി മാത്രം.
നിരന്നിരിക്കുന്ന
ടീച്ചര്‍മാര്‍ ഓരോരുത്തരായി എന്‍റെ കുറ്റങ്ങള്‍ പറഞ്ഞു തുടങ്ങി.
“അല്ലേലും ഇവനും
ആ പെണ്‍കൊച്ചും കൂടെ ക്ലാസ്സില്‍ ഭയങ്കര ബഹളമാ. എത്ര പറഞ്ഞാലും കേള്‍ക്കില്ല.”
“എന്‍റെ
ക്ലാസ്സില്‍ എന്നും തല്ലു മേടിക്കും”
“ഹോം വര്‍ക്ക്
ഒന്നും ചെയ്തോണ്ട് വരാറേയില്ല. പഠിച്ചോണ്ട് വരാന്‍ പറഞ്ഞാലും കേള്‍ക്കില്ല.
ഞാനാണേല്‍ തല്ലിതല്ലി മടുത്തു”
എല്ലാവര്‍ക്കും
പറയാന്‍ എന്‍റെ കുറ്റങ്ങള്‍ മാത്രം.
ആഹാ എങ്കില്‍ ഇത്ര
കഷ്ടപ്പെട്ട് നിങ്ങള്‍ എന്നെ സഹിക്കണ്ട. അങ്ങ് ഇറക്കി വിട്ടേരെ. ആരേലും പറഞ്ഞോ
പിടിച്ചിരുത്താന്‍. എന്നെ പഠിപ്പിക്കുന്നത് ഭയങ്കര കഷ്ടപ്പാടാണത്രേ. ഇവിടെ അതിലും കഷ്ട്ടപ്പെട്ടാ
ഓരോ പീരീഡിന്‍റെയും നാല്‍പ്പത്തഞ്ചു മിനിറ്റ് ഞാന്‍ തള്ളി നീക്കുന്നെ. ഇങ്ങനൊക്കെ
ഞാനും മനസ്സില്‍ ഓര്‍ത്തു.
പറയാന്‍
പറ്റുമോ. പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണിം എന്നാ അവസ്ഥയിലായിപ്പോയില്ലേ ഞാന്‍.
എല്ലാം സഹിക്കുക തന്നേ. അങ്ങനെ ഊഴം കാത്തിരിക്കുന്ന ഒരു അറവുമാടിനെപ്പോലെ ഞാന്‍
നിന്നു.
ഒടുക്കം എല്ലാ
ടീച്ചര്‍മാരുടേം കയ്യിലുള്ള എന്‍റെ കുറ്റങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു. പക്ഷെ
അപ്പോളും അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒരു മൂലയില്‍ മിണ്ടാതെ
ഇരിപ്പുണ്ടായിരുന്നു. മുഖം വ്യക്തമല്ലെങ്കിലും ഒരു ചുവന്ന സാരിയും പാറിപ്പറന്നു
കിടക്കുന്ന മുടിയുമുള്ള ഒരാള്‍.
പ്രതിയുടെ
കുറ്റങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും കേട്ടു കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആ ചുവന്ന
സാരിക്കാരിയോടായി ചോദിച്ചു
“ഇവനെ എന്തു
ചെയ്യണം? ഇനി ടീച്ചര്‍ പറയുന്ന പോലെ ചെയ്തേക്കാം”
അപ്പോ ആ മൂലയില്‍
നിന്നും ആദ്യമായി ശബ്ദമുയര്‍ന്നു.
“ക്ലാസിനു സമയം
ആയില്ലേ. മനു ക്ലാസ്സില്‍ പോയ്ക്കോ”
എന്‍റെ മനസ്സിലെ
പൂതനയുടെ മുഖം എവിടെയോ അലിഞ്ഞു ഇല്ലാതായി. പകരം ആ സ്ഥാനത്ത് അതാ ഒരു മാലാഖ.
ഡയ്സി ടീച്ചര്‍
പ്രത്യേകം പറഞ്ഞിട്ടാവണം എനിക്ക് ഒരു ശിക്ഷയും കിട്ടിയില്ല. മാത്രമല്ല പിന്നീടുള്ള
ക്ലാസ്സുകളില്‍ ഡയ്സി ടീച്ചര്‍ പതിവിനു
വിപരീതമായി ഒരു പകയും പെരുമാറ്റത്തില്‍ കാണിച്ചതുമില്ല.
പക്ഷെ
ക്ലാസ്സിലെ പതിവ് തല്ലിനും പിച്ചിനും ഒന്നും ഒരു കുറവുമില്ലാരുന്നു കേട്ടോ.
ചിലപ്പോ മൂപ്പു സാധനം എന്ന ഇമേജ് അങ്ങനെ തന്നെയിരുന്നോട്ടേ എന്നും ടീച്ചര്‍
കരുതിക്കാണും.
പക്ഷെ അന്ന്
മുതല്‍ അമല എല്‍പി സ്കൂളിലെ ഏറ്റവും പാവം ടീച്ചര്‍
എന്‍റെ മനസ്സില്‍ ഡയ്സി ടീച്ചര്‍ ആയിരുന്നു. സാധാരണ കഠിന കഠോരമായി തോന്നുന്ന
ടീച്ചറിന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ സംഗീത മഴയായി പെയ്തിറങ്ങുന്ന പോലെ. ടീച്ചറിന്‍റെ
ഹോം വര്‍ക്ക് ചെയ്യാനും ടീച്ചറിന്‍റെ ക്ലാസ്സില്‍ ശ്രദ്ധിക്കാനും എനിക്ക് ഭയങ്കര
ഉത്സാഹം. ഡയ്സി ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ മാത്രം നാല്‍പ്പത്തഞ്ചു മിനിറ്റ്
പെട്ടെന്നു തീരുന്ന പോലെ.
പിന്നീട് ഒരു
ദിവസം ടീച്ചര്‍ അമലയില്‍ നിന്ന് പോകുന്നു എന്നു കേട്ടപ്പോള്‍ എനിക്ക് ഭയങ്കര
സങ്കടം തോന്നി. ബാക്കി എല്ലാ കുട്ടികള്‍ക്കും ആ ദിവസം ഒരു ആഘോഷമായിരുന്നെങ്കില്‍
എനിക്ക് ഉള്ളില്‍ കരച്ചിലായിരുന്നു വന്നത്.
തടിമിടുക്കും
തന്റേടവുമുള്ള ഒരു മൂന്നാം ക്ലാസ്സുകാരന്‍ പരസ്യമായി കരയാന്‍ പാടുണ്ടോ. കണ്ണുനീര്‍
ഉള്ളിലൊതുക്കി സങ്കടത്തോടെ ഒരു മൂലയിലേക്ക് ഞാന്‍ മാറി. പക്ഷെ എല്ലാ ചിരികള്‍ക്കിടയിലും
ഒരു വെളുത്തുമെലിഞ്ഞ പയ്യന്‍ മാത്രം ഇരുന്നു കരയുന്നത് ഞാന്‍ കണ്ടു. ഇനി അവനും
എന്നെപ്പോലെ ടീച്ചറിനെക്കുറിച്ച് വല്ലോം പറഞ്ഞു കാണുവോ!!!
എന്തായാലും
എന്നെപ്പോലെ ചിന്തിക്കുന്ന വേറെ ഒരാളും ആ ക്ലാസ്സില്‍ ഉണ്ടല്ലോ എന്നു ഞാന്‍
സമാധാനിച്ചു. ആ മഹാന്‍ ആണ് ശ്രീകാന്ത് എ. അന്ന് ഒണങ്ങി മെലിഞ്ഞ് ഈര്‍ക്കിലി പോലെയാ
ഇരുന്നതെങ്കിലും ആളിപ്പോ വല്ല്യ എഞ്ചിനീയര്‍ ഒക്കെയാ. ഈയിടെ കണ്ടപ്പോ ഞാന്‍
ചോദിച്ചു. എല്ലാരും ചിരിച്ചപ്പോ നീ മാത്രം എന്തിനാ അളിയാ അന്നു കരഞ്ഞെ എന്നു.
“സത്യം പറഞ്ഞാല്‍
അതെന്തിനാണെന്ന് എനിക്കിപ്പോഴും അറിഞ്ഞൂടാ എന്‍റെ പൊന്നളിയാ”
ഇതായിരുന്നു
മറുപടി.
ആ നമുക്ക്
നമ്മടെ ഓര്‍മ്മയിലേക്ക് മടങ്ങി വരാം.
ഒള്ളതോ കള്ളവോ
എന്നറിയാത്ത ആ ആരോപണത്തില്‍ നിന്നും ഞാന്‍ തടിതപ്പിയെങ്കിലും അതിന്‍റെ ഉറവിടം
അറിയണം എന്ന് തോന്നി. ശ്രീരാജും മിഥുനും അടക്കമുള്ള ചില ചാരന്മാര്‍ വഴി ഞങ്ങള്‍
അന്വേഷണം തുടങ്ങി. ഒടുക്കം അത് വന്നു നിന്നത് ആ കരഞ്ഞു കലങ്ങിയ കണ്ണുകളുടെയും
കണ്മഷി പുരണ്ട് വികൃതമായ മുഖത്തിന്‍റെയും ഉടമയിലായിരുന്നു.
അതെ അവള്‍
തന്നേ.
Ms. X
ഒരു മാന്തിന്‍റെ
പ്രതികാരം.
പക്ഷേ
ചീറ്റിപ്പോയി.
എന്നാലും ഞാന്‍
അവളെ അതിന്‍റെ പേരില്‍ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ പോയില്ല. എന്നെപ്പോലെ തടിമിടുക്കും
തന്റേടവുമുള്ള ഒരു മൂന്നാം ക്ലാസ്സുകാരനെ ഇപ്പോഴത്തെപ്പോലെ എപ്പളും ഭാഗ്യം കൂടി
തുണച്ചുവെന്നു വരില്ലല്ലോ!!!
ടീച്ചര്‍മാര്‍
കുട്ടികളെ തല്ലുന്നുണ്ടെങ്കില്‍ അത് അവരോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ്. അവര്‍
നന്നാവാന്‍ വേണ്ടിയിട്ടാണ്. ഇതൊന്നും അറിയാതിരുന്ന പ്രായത്തില്‍ പലതും
ചിന്തിച്ചിട്ടുണ്ടാകാം, പറഞ്ഞിട്ടുണ്ടാകാം.
വളരേ ചഞ്ചലമായ
മനസ്സുള്ളവരാണ് കുട്ടികള്‍. അന്നവര്‍ തല്ലിയത്, ശാസിച്ചത് ഒക്കെ തെറ്റുകളിലേക്ക്
വഴുതി വീഴാതെ നേര്‍ വഴിക്ക് നടത്താന്‍ വേണ്ടിയാരുന്നു എന്നുള്ള ആ യാഥാര്‍ത്യങ്ങള്‍
ഇപ്പൊ മനസ്സിലാക്കുന്നു.
ഇനി കാണാന്‍
പറ്റുമോ എന്നറിയില്ല. കണ്ടാല്‍ത്തന്നെ തിരിച്ചറിയുമോ എന്നും അറിയില്ല. പക്ഷെ ഒരു
സത്യം കൂടി എനിക്ക് മനസ്സിലായി.
ഡയ്സി ടീച്ചര്‍
ഒരു മൂപ്പു സാധനമല്ല. മറിച്ച് കുട്ടികള്‍ നന്നാവണം എന്ന് ആത്മാര്‍ഥമായി
ആഗ്രഹിക്കുന്ന നല്ല ഒരു അധ്യാപികയാണ്.
ഈ ഫോട്ടോയില്‍ കാണുന്നതാണ് ഞങ്ങളുടെ ഡയ്സി ടീച്ചര്‍.
