അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഒടുക്കം നാലാം
ക്ലാസ്സിലെത്തി.
സ്കൂളിലെ ഏറ്റവും സീനിയര്‍ പിള്ളേര്‍. അതിന്‍റെ ഗമ
ഒന്നു വേറെ തന്നെയാണെ.
ബസേലിയ സിസ്റ്ററിന് എന്‍റെ കുരുത്തക്കേട് കൊണ്ട്
സഹിക്കാന്‍ വയ്യാതായി. എപ്പോളും വിളിച്ച് ഉപദേശം.
സിസ്റ്ററിന്‍റെ മുറിയുടെ മുന്നിലെ വരാന്തയില്‍ വെച്ച്
മൂന്നിലെ പിള്ളേരുമായി ഇടിയിട്ടു. അന്ന് മൂന്നിലെ സ്റ്റീഫന്‍ എന്നെ എടുത്തിട്ട് നൂക്കുകയും
ചെയ്തു.
എന്നിട്ടും പരാതി വന്നപ്പോ ഞാനായി പ്രതി.
ചെറിയ പിള്ളേരെ ഞാന്‍ ഇടിച്ചത്രേ.
തല്ലു കൊണ്ട ഗുണ്ടയെ ഏതേലും കോടതി ശിക്ഷിക്കുവോ!!!!
പക്ഷെ ഇവിടെ അതും സംഭവിച്ചു.
ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ ഉച്ചക്ക്
കളിസ്ഥലത്തേക്ക് വിടാതെയായി. എല്ലാ പിള്ളേരും ചോറുണ്ടിട്ട് കളിക്കാന്‍ പോകുമ്പോ
ഞാനടക്കമുള്ള ചില ഗുണ്ട പിള്ളേരെ മാത്രം ടീച്ചേഴ്സ് റൂമില്‍ കൊണ്ടിരുത്തി. അതാണ്
ശിക്ഷ.
അങ്ങനെ നാലാം ക്ലാസ്സ് ഒരു ഒന്നൊന്നര നാലാം
ക്ലാസ്സായി മുന്നോട്ട് പോകുകയായിരുന്നു.
ഒരിക്കല്‍ ആ അത്ഭുത സംഭവം ശ്രീജിത്ത് ഉണ്ണിത്താനാണ്
എല്ലാവരെയും വിളിച്ച് കാണിച്ചത്.
അതാ നിജില്‍ ഗോപിനാഥിന്‍റെ മൂക്കിന്‍റെ താഴെ നനുത്ത
മൂന്നാല് രോമങ്ങള്‍!!! അതേ അവന്‍ പുരുഷനായിരിക്കുന്നു. സൈക്കിളില്‍ സ്കൂളില്‍
വരുന്ന ഒരേയൊരാള്‍. പോരാത്തതിന് ദാ ഇപ്പൊ മീശയും.
പിന്നെന്തോ വേണം.
അതോടെ ആശാന്‍റെ ഗമയും അങ്ങ് കൂടി.
“എടാ നിജിലേ സംഗതി ഇത്രേവൊക്കെ ആയ സ്ഥിതിക്ക് ഇനി നിനക്ക്
ഒരു ലൈന്‍ ഇട്ടാല്‍ എന്താ കുഴപ്പം?”
ആദ്യം ആ ചോദ്യം ഉന്നയിച്ചത് ശ്രീരാജ് ആയിരുന്നു.
കേട്ടപ്പോ എല്ലാര്‍ക്കും തോന്നി എന്നാല്‍ എന്ത് കൊണ്ട് ഞങ്ങള്‍ക്കും ആയിക്കൂടാ
എന്ന്. മൂന്നാല് രോമത്തിന്‍റെ കുറവല്ലേയുള്ളൂ.
കേട്ടവര്‍ക്ക് എല്ലാം അതങ്ങ് ബോധിച്ചു. ഇങ്ങേയറ്റം
ഈച്ചിരിം ഇല്ലാത്ത മനു മോഹന് വരെ.
ശരിയാ സ്കൂളിലെ ഏറ്റവും മുതിര്‍ന്ന ചെക്കന്മാരായി.
പോരാത്തതിന് ദാ മീശയും.
ഇതില്‍ കൂടുതല്‍ എന്ത് വേണം.
ഇത് ഞങ്ങള്‍ കുറച്ചു ബോയ്സിന്‍റെ ഇടയില്‍ മാത്രം
ഒതുങ്ങി നിന്ന ചര്‍ച്ച ആയിരുന്നു.
പുറത്തറിഞ്ഞാല്‍ ഏറ്റവും കൊടിയ ശിക്ഷ ലഭിക്കാവുന്ന
മഹാപാതകം.
പോരാഞ്ഞിട്ട് ആരെ ലൈന്‍ അടിക്കണം എന്നുള്ള ടെന്‍ഷനും.
ജീവിതത്തിലെ ആദ്യ പ്രേമം അല്ലേ. ഒട്ടും മോശമാവാന്‍
പാടില്ലല്ലോ.
അങ്ങനെ ഓരോരുത്തരും പ്രണയിനിയെ കണ്ടു പിടിക്കാനുള്ള
ജോലിയിലായി. ക്ലാസ്സിലെ ഓരോരുത്തരെയായി ഞാന്‍ എന്‍റെ മനസ്സില്‍ വരിവരിയായി നിര്‍ത്തി.
മനസ്സുകൊണ്ടു തന്നെ ഇന്റര്‍വ്യൂ ചെയ്തു തുടങ്ങി.
ശ്രീപാര്‍വതി?
വേണ്ട അവള്‍ ക്ലാസ്സിലെ ഫസ്റ്റ് റാങ്കാ
അങ്കിത?
വേണ്ട അവള്‍ക്ക് പുഴുപ്പല്ലാ
ജെമി?
വേണ്ട അവള്‍ടെ സ്വഭാവം വെച്ച് ചിലപ്പോ എന്നെ ചവിട്ടും
മേരി?
വേണ്ട അവള്‍ക്ക് ബുദ്ധി കുറച്ച് കൂടുതലാ
വിജിത?
വേണ്ട ഈ കണ്ണാടി വെച്ച പെണ്‍പിള്ളേരെ പണ്ടുതൊട്ടേ
എനിക്ക് ഇഷ്ടമല്ല
ബിജിനി?
വേണ്ട അയലത്ത്കാരിയാ. അവള്‍ക്ക് എന്‍റെ രഹസ്യങ്ങള്‍
ഒക്കെ അറിയാം
സ്വന്തം ക്ലാസ്സിലെ ആരെയും എനിക്ക് ബോധിച്ചില്ല.
ഇനി വേറെ ക്ലാസ്സുകളില്‍ ഉണ്ടെങ്കിലോ!!!
അന്ന് സ്കൂള്‍ അസ്സംബ്ലിയില്‍ പ്രതിജ്ഞ
ചൊല്ലിയിരുന്നത് ഞാനായിരുന്നു. ഇത് തന്നെ പറ്റിയ അവസരം. പ്രതിജ്ഞ ചൊല്ലാന്‍
വരാന്തയില്‍ കയറി നിന്നാല്‍ എല്ലാ പിള്ളേരെയും വ്യക്തമായി കാണാം. അപ്പൊ പിന്നെ
കൂട്ടത്തില്‍ ഒരെണ്ണം സെലക്ട് ചെയ്യാന്‍ എളുപ്പമായല്ലോ.
“ഭാരതം എന്‍റെ നാടാണ്. എല്ലാ ഭാരതീയരും എന്‍റെ സഹോദരീ
സഹോദരന്മാരാണ്....”
പ്രതിജ്ഞ ചോല്ലുന്നതിനിടയില്‍ എന്‍റെ കണ്ണുകള്‍ ഒരു
പ്രണയിനിയെ തേടി അലഞ്ഞു. ഗതികേട് നോക്കണേ ഒന്നിനേയും എന്‍റെ കണ്ണിനു പിടിച്ചില്ല.
ഇതിനിടക്ക് നിജിലും മിഥുനും ശ്രീരാജുമെല്ലാം
സ്വന്തമായി ഓരോന്നിനെ കണ്ടു പിടിച്ച് കഴിഞ്ഞിരുന്നു. കണ്ടു പിടിച്ചു എന്ന്
വെച്ചാല്‍ മനസ്സാല്‍ കണ്ടെത്തി എന്നര്‍ത്ഥം. ഒരു തരം വണ്‍ വേ ലൈന്‍. നേരിട്ട്
പറയാന്‍ പേടിയാ.
അപ്പോഴും പാവം ഞാന്‍ മാത്രം സിംഗിള്‍..
എനിക്കും വേണ്ടേ ഒരു വണ്‍ വേ ലൈന്‍.
പക്ഷെ നേരത്തേ പറഞ്ഞ പോലെ ആദ്യ പ്രണയമല്ലേ. ഒട്ടും
മോശമാവാന്‍ പാടില്ലല്ലോ.
അങ്ങനെയിരിക്കെ ഒരുനാള്‍ ആ സുന്ദരി എന്‍റെ മനസ്സില്‍
കയറിപ്പറ്റി.
എന്നെക്കാള്‍ പൊക്കമുണ്ട്
ഓ അതിനെന്താ അഞ്ചാം ക്ലാസ്സിലാകുമ്പോ എനിക്ക് ഇതിലും
പൊക്കം വെയ്ക്കില്ലേ.
എന്നെക്കാള്‍വെളുത്തതാ
അല്ലേലും ഈ കളറിലൊന്നും ഒരു കാര്യവുമില്ല.
ക്ലാസ്സിലെ മറ്റു പിള്ളാരേപ്പോലെ തല്ലു കൊള്ളാത്ത, കരയാത്ത
ഒരേയൊരാള്‍.
ആരെന്നോ
സ്വപ്ന ടീച്ചര്‍!!
ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍!!!!!!!!
വെള്ളിയാഴ്ച വൈകുന്നേരം മീറ്റിംഗ് പീരിയഡില്‍ ഞാനാ
പാട്ടു പാടി.
“പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലിക കോര്‍ക്കാം....”
പാടി തീര്‍ന്നപ്പോ അതാ ടീച്ചറും കയ്യടിക്കുന്നു.
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.....
അങ്ങനെ ഞാന്‍ എന്‍റെ കാമുകിയെ കണ്ടെത്തിയിരിക്കുന്നു.
എടാ നിജിലേ കണ്ടു പടി മോനേ...
ഒരിക്കല്‍ ഉച്ചക്ക് ഉണ്ണാന്‍ വിടുന്നതിനു മുമ്പുള്ള പീരിയട്.
സ്വപ്ന ടീച്ചര്‍ തകര്‍ത്തു വെച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്നു.
ഞാനും ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുകയാണ്.
ചോറിന് എന്തൊക്കെയാവും കറികള്‍??
രാവിലെ അമ്മ മുട്ട പൊരിക്കുന്നത് കണ്ടാരുന്നു. ഇനി
എങ്ങാനും വെയ്ക്കാന്‍ മറന്നു പോയോ!!!
ദൈവമേ ഓര്‍ത്തിട്ട് ടെന്‍ഷനായിട്ട് പാടില്ല.
സമയം ഒട്ടു പോകുന്നുമില്ലല്ലോ.
ഇനി എന്ത് ചെയ്യും.
ഒടുക്കം സഹികെട്ട് ചോറുപാത്രം ഒന്ന് തുറന്നു
നോക്കാമെന്ന് വെച്ചു.
പതുക്കെ ബെഞ്ചിന്‍റെ അടിയിലേക്ക് പോയി. ബാഗ് തുറന്നു
പാത്രം കയ്യിലെടുത്തു.
മെല്ലെ തുറന്നതും ആരോ എന്നെ ചെവിയില്‍ തൂക്കി
മുകളിലേക്ക് വലിക്കുന്നത് പോലെ.
ഞാനും ചോറുപാത്രവും ബെഞ്ചിന്‍റെ അടിയില്‍ നിന്നും
പൊങ്ങി വന്നു.
പേടിയോടെ ആ കയ്യുടെ ഉടമയെ ഞാന്‍ തിരിച്ചറിഞ്ഞു.
സ്വപ്ന ടീച്ചര്‍!!!!!!!
ചെറുതാണേലും ഞാനുമൊരു കാമുകനാ ഇങ്ങനെയൊന്നും ചെയ്യാന്‍
പാടില്ല ഡോണ്ടൂ
എന്‍റെ കയ്യിലെ ചോറ്റുപാത്രം കൂടെ കണ്ടതോടെ
ധാം ധീം ധോം
വാരിവലിച്ച് അഞ്ചാറടി
ആദ്യ പ്രണയം ഒട്ടും മോശമായില്ല. അതിന്‍റെ അടയാളങ്ങള്‍
എന്‍റെ ശരീരത്തില്‍ ചുവന്ന വരകളായി പൊങ്ങി വന്നു.
അന്നത്തോടെ ഞാന്‍ ആ പ്രേമം കെട്ടിപ്പൂട്ടി
കലത്തിലാക്കി പടീത്തോട്ടില്‍ കൊണ്ടൊഴുക്കി.
എനിക്ക് സ്വപ്ന ടീച്ചറിനെ കണ്ടാല്‍
പേടിയായിത്തുടങ്ങി.
ആ വര്‍ഷം തന്നെ ടീച്ചറിന് അമലായില്‍ നിന്നും വേറെ
സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിപ്പോയി.
പകരം അമിത ടീച്ചര്‍ വന്നു. പക്ഷെ അപ്പോഴും ഞാന്‍
കൊള്ളുന്ന അടികള്‍ക്ക് ഒരു കുറവും വന്നില്ല. പിന്നെയും ചുവന്ന വരകള്‍. ആദ്യ
പ്രണയത്തിന്‍റെ അടയാളങ്ങള്‍ പോലെ, അവ മായാതെ തന്നെ നിന്നു.