അന്ന് ട്യൂഷന്
പോകുന്നത് വീടിന്‍റെ അടുത്തുള്ള ഒരു വീട്ടിലായിരുന്നു. അവിടുത്തെ ശോഭ എന്ന അക്കയായിരുന്നു
ഞങ്ങളുടെ ട്യൂഷന്‍ ടീച്ചര്‍. ഞങ്ങളുടെ എന്ന് വെച്ചാല്‍ എന്‍റെയും പിന്നെ അവളുടെയും.
അവള്‍ ആരാണെന്നല്ലേ. എന്‍റെ അയലത്തെ വീട്ടിലെ സുന്ദരി!
വിവരക്കേടിന്‍റെ
‘വി’ യും നുണച്ചിയുടെ ‘ന’ യും ഉള്ള പേരോട് കൂടിയവള്‍. തല്‍ക്കാലം നമുക്കിവളെ
വിലാസിനി എന്ന് വിളിക്കാം. (ഏതാണ്ട് അതേപോലൊരു പേരാ).
വീടിന്‍റെ പുറകില്‍
നിറയെ പാടങ്ങളും കുളങ്ങളുമൊക്കെയുണ്ട്. അവയുടെയെല്ലാമിടയില്‍ക്കൂടിയാണ് ഞാന്‍
അവളുടെ കയ്യും പിടിച്ച് ട്യൂഷനു പോകുന്നെ. അമ്മ വീട്ടില്‍ നിന്നും പറഞ്ഞു
വിട്ടിരിക്കുന്നതാ ട്യൂഷന്‍ ക്ലാസ്സില്‍ പോകുമ്പോളും വരുമ്പോളും അവളുടെ കയ്യില്‍
മുറുക്കെ പിടിച്ചോണം എന്ന്. അങ്ങനെ ഞാനായി അവളുടെ ബോഡി ഗാര്‍ഡ്.
വായതുറന്നാല്‍
കള്ളം മാത്രം പറയുന്ന ഈ സുന്ദരിയുടെ നാക്ക് മൂലം ഞാന്‍ മേടിച്ചുകൂട്ടിയ തല്ലിന് യാതൊരു
കയ്യും കണക്കുമില്ലാരുന്നു.
അങ്ങനെ എള്ളിന്‍പൂക്കള്‍ക്കിടയിലൂടെ
അവളുടെ കയ്യില്‍ പിടിച്ച് നടക്കുമ്പോള്‍ ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു.
“ഓ ഇന്നു ട്യൂഷന്
കേറണ്ട. നമുക്ക് കുളത്തിലെ മീനെ പിടിക്കാന്‍ പോകാം?”
“എന്തിനാ മീന്‍”
എന്‍റെ നിഷ്കളങ്കമായ സംശയം
“അതോ അത് എനിക്ക്
വളര്‍ത്താനാ. നല്ല മനുവല്ലേ. പ്ലീസ്”.
ആ വാക്കില്‍ ഞാന്‍
വീണു.
പക്ഷെ ഹോംവര്‍ക്ക്
ചെയ്യാത്തതു കാരണം ട്യൂഷനു കയറാതിരിക്കാനുള്ള വിദ്യയായിരുന്നുവെന്ന് ഞാനുണ്ടോ
അറിയുന്നു.
“അല്ല എങ്ങനെ
പിടിക്കും മീനിനെ?”
“ദാ എന്‍റെ ഷാള്
തരാം. അതിട്ട് പിടിച്ചോ”
വിലാസിനിയുടെ
വാക്കും കേട്ട് ഞാന്‍ കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങി. അന്ന് വീട്ടില്‍
പറയാനുള്ള കള്ളവും അവള്‍ തന്നെ പറഞ്ഞു തന്നു.
“ഇന്നു
ട്യൂഷനില്ലമ്മേ. ശോഭാക്കക്ക് പനിയാ”
പിറ്റേന്നും
മീനെപ്പിടിക്കാന്‍ പോയി.
ഇന്ന് അവള്‍ പുതിയ
കള്ളം പറഞ്ഞു തന്നു.
“പനി കൂടി. ശോഭാക്കയെ
ആശുപത്രിയില്‍ കൊണ്ടുപോയേക്കുവാ”
കണ്ടത്തിന്‍റെ
തെക്കുഭാഗത്തുള്ള ആ കുളത്തില്‍ നിറയെ വിവിധ നിറങ്ങളിലുള്ള പള്ളത്തിയും
ചുട്ടിപ്പൂശാനുമൊക്കെയുണ്ടാരുന്നു. ഓരോ മീനിനെ പിടിക്കുമ്പോഴും കരയില്‍ ഇരുന്ന്
അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു.
മീന്‍പിടുത്തം ഒരു
രസമായിത്തുടങ്ങിയപ്പോള്‍ മൂന്നാമത്തെ ദിവസവും ഞാന്‍ പതിവുപോലെ ഷാളുമായി
കുളത്തിലേക്കിറങ്ങി.
ഇന്ന് പറയാനുള്ള
പുതിയ കള്ളം.
“ഒടുക്കത്തെ പനി. ശോഭാക്കയെ
അഡ്മിറ്റാക്കി”!!!
മീന്‍ പിടുത്തം
കഴിഞ്ഞ് തിരിച്ചെത്തിയപ്പോ പതിവുപോലെ അമ്മ ചോദിച്ചു.
“എന്താടാ ഇന്നും
ട്യൂഷനില്ലേ?”
“ഇല്ലമ്മേ
ശോഭാക്കയെ അഡ്മിറ്റാക്കി”
പ്ടേ...
പറഞ്ഞു തീര്‍ന്നില്ല
അതിനും മുമ്പേ അടി വീണു.
രണ്ടു ദിവസമായി പനി
കൂടി ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്ന ശോഭാക്കയെ ചേട്ടന്‍ മാവേലിക്കര
ടൌണില്‍ വെച്ച് കണ്ടത്രേ!!
“മനുവും
വിലാസിനിയും എന്താ ഇപ്പൊ ട്യൂഷനു വരാത്തെ?”
“അതിനു ശോഭാക്കയെ
എപ്പോളാ ഡിസ്ചാര്‍ജ് ചെയ്തേ?”
ഡിം
അവിടെത്തീര്‍ന്നു
ഞങ്ങളുടെ കള്ളക്കളികള്‍. പോരാത്തേന് ഒക്കെ ചേട്ടന്‍ ചൂടോടെ അമ്മയോട് വന്നു പറഞ്ഞു
കൊടുക്കുവേം ചെയ്തു.
അല്ലേലും ഈ ചേട്ടന്‍ പണ്ടുമുതല്‍ക്കേ എനിക്കൊരു പാരയാ.
അല്ലേലും ഈ ചേട്ടന്‍ പണ്ടുമുതല്‍ക്കേ എനിക്കൊരു പാരയാ.
“നിനക്ക് ട്യൂഷന്
പോകാന്‍ വയ്യ അല്ലേ. ഹും അച്ഛനിങ്ങു വരട്ടെ”
“ഇക്കണക്കിന്
പോയാല്‍ കുറച്ച് ദിവസം കൂടിക്കഴിയുമ്പോ നീയോക്കെക്കൂടി ശോഭാക്കയുടെ സഞ്ചയനം നടത്തുമല്ലോ”
എരി കേറ്റാനായി സൈഡില്‍
ഇരുന്നോണ്ട് ചേട്ടന്‍റെ കമന്റ്
അല്ലേലും ഞാന്‍
തല്ലു കൊള്ളുന്നത് കാണുന്നെ ചേട്ടനൊരു രസമാ.
എന്ത് ചെയ്യാന്‍
അവനെ രസിപ്പിക്കാന്‍ വേണ്ടി ഞാന്‍ തന്നെ ഓരോ കാരണങ്ങളുണ്ടാക്കി എന്നും തല്ലു
മേടിച്ചു കൊണ്ടേയിരുന്നു.
വൈകിട്ട് അച്ഛന്‍
വന്നപ്പോള്‍ അമ്മ കാര്യം അവതരിപ്പിച്ചു. പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍
കൂട്ടത്തില്‍ ചേട്ടനും.
അച്ഛന്‍ ഒന്നും
മിണ്ടിയില്ല. എന്താടാ എന്നു പോലും ചോദിച്ചില്ല.
“പാവം അച്ഛന്‍”.
ഞാന്‍ മനസ്സിലോര്‍ത്തു.
പ്രതീക്ഷിച്ച പോലെ
ഒന്നും നടക്കാഞ്ഞതില്‍ ചേട്ടന് വല്ലാത്ത നിരാശ പോലെ.
പക്ഷെ പിടിച്ചതിലും
വലുത് മാളത്തില്‍ എന്ന പോലെ പിറ്റേന്ന് മുട്ടന്‍ പണി എന്നെ
കാത്തിരിപ്പുണ്ടാരുന്നു.
അന്ന് അച്ഛനാണ്
എന്നെ ട്യൂഷന്‍ ക്ലാസ്സില്‍ കൊണ്ടു വിട്ടത്. അവിടെ വന്നു ഞാനും വിലാസിനിയും ഇത്രയും
നാള്‍ ട്യൂഷനു വരാഞ്ഞതിന്‍റെ കാരണങ്ങള്‍ പറഞ്ഞു. എന്നിട്ട് ശോഭാക്കയുടെയും എന്‍റെ
ഫെല്ലോ ട്യൂഷന്‍ പിള്ളേരും നോക്കിനില്‍ക്കെ അവിടെക്കിടന്ന ഒരു ചെമ്പരത്തിക്കമ്പ്
എടുത്ത് എന്‍റെ ചന്തിക്ക് നാലു പെട.
സ്ഥിരം കൊള്ളുന്ന
പാര്‍ട്ട് ആയതുകൊണ്ട് വേദനയൊന്നും തോന്നിയില്ല. പക്ഷെ അത്രേം പേരുടെ മുന്നില്‍
വെച്ച്. അതും ചന്തിക്ക്...
എന്‍റെ അഭിമാനം ഒരു
ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു.
കൂട്ടത്തില്‍ നമ്മുടെ
സുന്ദരിക്കും കൂടെ രണ്ടെണ്ണം കിട്ടിയിരുന്നേല്‍ ഒരു ആശ്വാസം ഉണ്ടാരുന്നു. ഇത് ഞാന്‍
ഒറ്റക്ക്.
അടിയുടെ വേദനയോ
അഭിമാനം തകര്‍ന്നതോ പോട്ടെ, അതിലുപരി അവള്‍ക്കു കൂടി രണ്ടെണ്ണം കിട്ടിയില്ലല്ലോ
എന്ന വേദനയില്‍ ഞാന്‍ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.
ശോഭാക്കയും
അവിടുത്തെ അമ്മയും ഒക്കെ കുറേ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ നിര്‍ത്തുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോ
തോറ്റ് പിന്മാറി.
കുറച്ച് കഴിഞ്ഞപ്പോള്‍ പുറകില്‍
നിന്നും ഒരു കൈ എന്‍റെ തോളില്‍ സ്പര്‍ശിച്ചു. നനഞ്ഞ കണ്‍പീലികള്‍ക്കിടയിലൂടെ ആ
കയ്യുടെ ഉടമയെ ഞാന്‍ തിരിച്ചറിഞ്ഞു.
അവ്യക്തമായ ആ മുഖം. അതേ. അവള്‍. വിലാസിനി.
“പോട്ടെ മനൂ. ഇനി
ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ”
ഞാന്‍ കണ്ണു തിരുമ്മി ഒന്നുംകൂടെ നോക്കി. ഇവള്‍ തന്നെയാണോ ഈ പറയുന്നേ. യൂ റ്റൂ ബ്രൂട്ടസ്സീ.
മനസ്സില്‍ ഒരു
നൂറായിരം തെറികള്‍ ഒരുമിച്ച് വന്നു. പക്ഷെ അതിന്‍റെ പേരില്‍ വീണ്ടും തല്ലു
കൊല്ലാന്‍ വയ്യാത്തതുകൊണ്ട് എല്ലാം ഞാന്‍ ഒരു ചിരിയില്‍ ഒതുക്കി. എന്നിട്ട്
അവളോടായിപ്പറഞ്ഞു.
“ഇല്ല കുട്ടീ. ഇനി
ഒരിക്കലും ഞാനിതാവര്‍ത്തിക്കില്ല”
പക്ഷെ എന്‍റെ
മറുപടി ആ ചോദ്യത്തിനുള്ളതായിരുന്നില്ല. ആവര്‍ത്തിക്കില്ല എന്ന് അവള്‍ ചിന്തിച്ചതും ഞാന്‍ ഉദ്ദേശിച്ചതും വേറെയായിരുന്നു.
പക്ഷെ വെള്ളത്തില്‍
ചാടുന്നത് ഒരു ത്രില്‍ ആയിരുന്നതിനാല്‍ ക്ലാസ്സ് കട്ട് ചെയ്ത് ഞാന്‍ കൂട്ടുകാരുടെ കൂടെ പിന്നെയും
കണ്ട കുളങ്ങളിലും തോടുകളിലും പോയിക്കൊണ്ടിരുന്നു.
ഇടക്കൊക്കെ വീട്ടില്‍ പൊക്കുമെങ്കിലും
പുതിയ പുതിയ കള്ളങ്ങള്‍ എന്നെ രക്ഷിച്ചു.
വര്‍ഷങ്ങള്‍ കുറേ
കടന്നു പോയി.
ഇന്ന് വീടിന്‍റെ
പുറകില്‍ പഴയതുപോലെ കുളങ്ങള്‍ ഇല്ല. കൃഷി ഇല്ല.
മനുഷ്യന്‍റെ ആര്‍ത്തി
അവയേയൊക്കെയും ഒരിക്കലും തിരിച്ചു വരാത്ത വിധം കുറേ ചുവന്ന മണ്ണിന്‍റെ അടിയിലായിരിക്കുന്നു.
കാലമാകുന്ന മണ്ണിനാല്‍
എന്‍റെ ഓര്‍മ്മകളും മൂടപ്പെട്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാത്തതു പോലെ ആ
നല്ല നിമിഷങ്ങളും.