Friday, October 5, 2012

ഒരു രണ്ടാം ക്ലാസ്സുകാരന്‍റെ ഓര്‍മ്മ



ഞാന്‍ മനു. മണ്ടത്തരത്തിന്‍റെ '' യും നുണയത്തരത്തിന്‍റെ 'നു' വും ഉള്ളവന്‍.


അങ്ങനെയിരിക്കെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്നത്തെ രണ്ടാം ക്ലാസ്സെന്നു പറഞ്ഞാല്‍ ഇന്നത്തെ പോലെയല്ല. ഒരു ഒന്നൊന്നര രണ്ടാം ക്ലാസ്സ്‌ ആരുന്നു. ഞാന്‍ സത്യമായിട്ടും പറഞ്ഞതാ കേട്ടോ. ഞങ്ങടെ സ്കൂളില്‍ പ്രൈമറി ക്ലാസ്സില്‍ ഡിവിഷന്‍ ഒന്നും ഇല്ലാരുന്നു. അത് കൊണ്ട് ഇന്നത്തെ രണ്ടാം ക്ലാസ്സിന്‍റെ ഒരു ഒന്നെര രണ്ട് ഇരട്ടി പിള്ളേര്‍ ഞങ്ങടെ ക്ലാസ്സില്‍ ഉണ്ടാരുന്നു.

ആ സമയത്ത് എന്‍റെ സന്തതസഹചാരിയാവാന്‍ വിധിക്കപ്പെട്ട ഒരു പാവം പയ്യനാണ് നമ്മുടെ കഥാനായകന്‍. പേര് മോന്‍സി പൗലോസ്‌. ജീവിതത്തിലും കൂടുതല്‍ സത്യസന്ധത കാണിക്കാന്‍ വേണ്ടി അവന്‍ ഇപ്പൊ അച്ഛന്‍ പട്ടത്തിന് പഠിക്കുന്നു. ഭാവിയില്‍ അവന്‍ ഒരു റവറന്‍റ്, പിന്നെ ബിഷപ്പ്, പിന്നെ കര്‍ദിനാള്‍, പിന്നെ പോപ്പ്‌ ഒക്കെ ആയിത്തീരട്ടെ എന്ന് നമുക്ക്‌ ആശിക്കാം.
കഥയില്‍ ഞാന്‍ വില്ലന്‍. പേരു പോലെ തന്നെ സ്വഭാവത്തിലും ഉള്ള “മഹാ നുണയത്തരം” തന്നെ കാരണം.

ആ സമയത്ത് എന്നും ഞാന്‍ രാവിലെ ക്ലാസ്സില്‍ വന്നു കേറുന്നത് തന്നെ തല്ലും മേടിച്ച് കൊണ്ടാരുന്നു. സ്ഥിരമായി താമസിച്ച് വരുന്നത് തന്നെ കാരണം. അക്കാലങ്ങളില്‍ എന്‍റെ കൂടെ വന്നിരുന്നത് എന്‍റെ അയല്‍വാസിയായ ഒരു പാവം ‘ചിഞ്ചു’ ആരുന്നു. അവള്‍ടെ പേരില്‍ മാത്രമേ ഈ പാവത്തം ഉള്ളാരുന്നു എന്നതാണ് സത്യം. ശരിക്കും അവള്‍ എന്നെക്കാളും മുട്ടന്‍ നുണച്ചി ആരുന്നു. അതല്ലേ ആ കാലങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് താമസിച്ച് വരുമ്പോ രണ്ട് പേരും ഓരോ കാരണങ്ങള്‍ പറയും. അവള്‍ പുട്ടു പോലെ ക്ലാസ്സില്‍ കേറും, ഞാന്‍ തല്ലും മേടിക്കും. മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തി കള്ളം പറയാനുള്ള അവള്‍ടെ കഴിവ് അപാരം തന്നെയായിരുന്നു. ആ കഴിവ് ഇല്ലാത്ത കാരണം എന്‍റെ വെടി എന്നും ചീറ്റിപ്പോകുകയാരുന്നു പതിവ്‌.

പക്ഷെ ഒരു നാള്‍ ഇതിനു വിപരീതമായി ഒരു സംഭവം നടന്നു. അന്നു ടീച്ചര്‍ പതിവില്ലാതെ ഞാന്‍ പറഞ്ഞ നുണയങ്ങ് വിശ്വസിച്ചു. അവള്‍ പറഞ്ഞ നുണ ഒട്ടു വിലപ്പോയതുമില്ല. എന്നോട് കേറിക്കോളാന്‍ പറഞ്ഞിട്ട് ടീച്ചര്‍ അവളെ അടിക്കാന്‍ പിടിച്ചു. (സാധാരണ നേരെ തിരിച്ചാണെ സംഭവിക്കുന്നെ) ആദ്യമായി എന്‍റെ വെടി ലക്ഷ്യം കണ്ടിരിക്കുന്നു! അടികിട്ടാഞ്ഞതിന്‍റെ സന്തോഷത്തില്‍ ഞാന്‍ പോയി ബെഞ്ചില്‍ ഇരുന്നപ്പോള്‍ അവള്‍ നിറ കണ്ണുകളോടെ എന്നെ ഒന്നു നോക്കി. ഞങ്ങടെ കണ്ണുകള്‍ തമ്മിലിടഞ്ഞ ആ നിമിഷം അവള്‍ടെ മുഖത്ത് ഗൂഡമായ ഒരു ചിരി വിടര്‍ന്നു. ആ സെക്കന്‍ഡില്‍ അവള്‍ എന്നേം ഒറ്റി.

“ടീച്ചര്‍ മനു പറഞ്ഞതും നുണയാരുന്നു”.
ഡിം...

പതിവിനു വിപരീതമായി ഒന്നും സംഭവിച്ചില്ല. നല്ല പഴുക്കാ ചൂരല്‍ വെച്ച് സരസമ്മ ടീച്ചര്‍ എന്‍റെ കൈക്കൊണ്ടക്കിട്ടു മൂന്നു പെട. കണ്ണിന്നു വെള്ളം വന്നു പോയി. ഇത്രേം നാള് തല്ലു കൊണ്ടിട്ടും ഞാന്‍ അവള്‍ക്കിട്ടു പാര വെച്ചിട്ടില്ല. പക്ഷെ ഇന്ന്.... മതി.... അതോടെ ഞാന്‍ അവളുമായുള്ള കമ്പനി നിര്‍ത്തി.

ഞാന്‍ ഫ്രണ്ട്‌ ബെഞ്ചിലിരുന്ന് കരഞ്ഞു. നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുനീരൊപ്പാന്‍ ബാക്കിലത്തെ ബെഞ്ചില്‍ നിന്നും ഒരു വെളുപ്പില്‍ മഞ്ഞ കളറിലെ അഴുക്കുപിടിച്ച തൂവാല.
ഇവിടെയാണ്‌ നമ്മുടെ ഹീറോയുടെ എന്‍ട്രി. ഞാന്‍ തിരിഞ്ഞു നോക്കി. അതാ മോന്‍സിയുടെ കണ്ണില്‍ നിന്നും കണ്ണീര്‍. ഇവനേം ഇനി ഏതേലും പെണ്ണ് പറ്റിച്ചോ!!!!

അല്ല അത് എന്നോടുള്ള സ്നേഹത്തിന്‍റെ കണ്ണീര്‍ പൂക്കളാരുന്നെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്‌. പിന്നെ എനിക്ക് സന്തോഷത്തിന്‍റെ നാളുകളായിരുന്നു. (മോന്‍സിക്ക് ദുരിതത്തിന്റെയും). എനിക്ക് പരീക്ഷക്ക്‌ മോന്‍സി കാണിച്ച് തരും. ടീച്ചര്‍ കോസ്റ്റ്യന്‍ ചോദിച്ചാല്‍ ഉത്തരം പറഞ്ഞു തരും. തിന്നാന്‍ മുട്ടായി കൊണ്ടുത്തരും. ഞാന്‍ ഇടിച്ചാലും കൊണ്ടോണ്ട് നിക്കും. ടീച്ചറോട്‌ പറയില്ല. അങ്ങനെ അങ്ങനെ.
അന്നൊരു നാള്‍ ടീച്ചര്‍ മേശപ്പുറത്തു വെച്ചിരുന്ന മുട്ടായി മോഷണം പോയി. അതിഘോരവും നിഗൂഡവുമായ കളവ്‌. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ആണയിട്ടു പറഞ്ഞു. സത്യായിട്ടും ഞാനല്ല എടുത്തത്‌. പക്ഷെ ആര്‍ക്കും ആരെയും ഒരു വിശ്വാസമില്ലാത്ത പോലെ. അന്നു വീട്ടില്‍ വിടാതെ കുറെ നേരം ഞങ്ങളെ ക്ലാസ്സില്‍ പൂട്ടിയിട്ടു ടീച്ചര്‍മാര്‍. അതും വേറെയാരോ ചെയ്ത മഹാപാതകത്തിനു. ഇന്നാരുന്നേല്‍ കോളേജില്‍ ഒരു സ്ട്രൈക്കിനുള്ള വകയുണ്ടാരുന്നു. ക്ലാസ്സിലെ ഞാനടക്കമുള്ള പ്രധാന നോട്ടപ്പുള്ളികളെ ടീച്ചര്‍മാര്‍ പ്രത്യേകം ചോദ്യം ചെയ്തു. ഒരു കുപ്പിയില്‍ പച്ചവെള്ളം കാണിച്ചിട്ട് അതൊഴിച്ച് കണ്ണ് പൊട്ടിക്കും അല്ലേല്‍ സത്യം പറയാന്‍ വരെ പറഞ്ഞു. ഞാന്‍ കണ്ണും പൊത്തി കരഞ്ഞുകൊണ്ട് ഓടി. അവിടെയും മോന്‍സി എന്നെ ഓടിച്ചിട്ട്‌ പിടിച്ചു എന്‍റെ കണ്ണീരൊപ്പി. പിന്നീടാണ് അറിഞ്ഞത് മുട്ടായിയുടെ യഥാര്‍ത്ഥ കള്ളന്‍ കപ്പലില്‍ തന്നെയാരുന്നെന്ന്. ആ അത് പോട്ടെ.

അപ്പോ എവിടെയാ പറഞ്ഞു നിര്‍ത്തിയത്‌. ആ മോന്‍സി. ഞങ്ങടെ സൗഹൃദത്തില്‍ ഒരു ബ്രേക്ക്‌ ത്രൂ ഉണ്ടായത്‌ ആ സംഭവത്തിനു ശേഷമായിരുന്നു. ഒരു ദിവസം അറിയാതെ മോന്‍സിയുടെ കൈ തട്ടി വീണ് എന്‍റെ പെന്‍സിലിന്റെ മോന ഒടിഞ്ഞു. അതോടെ മോന്‍സിയുടെ എന്‍റെ മനസ്സിലെ ഹീറോ ഇമേജ് മാറി വില്ലന്‍ ആയി. ക്ലാസ്സില്‍ ടീച്ചര്‍ ഉള്ളോണ്ട് അവനെ ഇടിക്കാന്‍ പറ്റില്ല. പിന്നെ ഒരേയൊരു വഴി ദേഷ്യപ്പെടുക എന്നുള്ളതാ. ഞാന്‍ എന്‍റെ കയ്യില്‍ സ്റ്റോക്ക്‌ ഉണ്ടാരുന്ന ഏറ്റവും വല്ലിയ തെറി അവനെ വിളിച്ചു...

“പോടാ പട്ടീ”

ഇത് കേട്ടതും മോന്‍സിയുടെ വെളുത്ത മുഖം ചുവന്നു തുടുത്തു. അവന്‍ വായ തുറന്നു കൊണ്ട് കൈ ഉയര്‍ത്തി. ഞാനാണേല്‍ അവന്‍റെ കയ്യീന്നുള്ള ഇടി എന്‍റെ ഏതു ബോഡി പാര്‍ട്ട്‌ വെച്ച് തടുക്കും എന്നുള്ള കണ്‍ഫ്യൂഷനില്‍ ആയി. അടുത്ത നിമിഷം ഉയര്‍ന്നത് ഒരു നിലവിളിയാരുന്നു. അവന്‍ വായ തുറന്നതും കൈ ഉയര്‍ത്തിയതുമെല്ലാം ഇതിനു വേണ്ടിയാരുന്നെന്നു എനിക്ക് അപ്പോളാ മനസ്സിലായത്‌.
ടീച്ചര്‍ ഓടി വന്നു. രക്ഷപ്പെടാന്‍ വേണ്ടി ഞാനും മോന്‍സിയേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞു. പക്ഷെ മോന്‍സി വിട്ടു തരുന്ന പ്രശ്നമില്ല. ഇടക്ക് കരച്ചിലില്‍ ഗ്യാപ്പ്‌ വന്നപ്പോള്‍ അവന്‍ പറഞ്ഞൊപ്പിച്ചു.

“ടീച്ചര്‍ പട്ടീന്നു വിളിച്ചു”

“ആര് ആരെ വിളിച്ചു”

“ടീച്ചര്‍ ഇവന്‍ എന്നെ”

മോന്‍സിക്ക് മറുപടി പറയാന്‍ ഗ്യാപ്പ്‌ കിട്ടുന്നെനു മുമ്പ് ഞാന്‍ ചാടിക്കേറിപ്പറഞ്ഞു.
കേട്ടതും ടീച്ചറിന്റെ മുഖവും ചുവന്നു തുടുത്തു
“ആഹാ പാവം പയ്യനെ പട്ടീന്നു വിളിച്ചതും പോരാ ഇരുന്നു കീറുന്നോ”
പറഞ്ഞു തീര്‍ന്നതും

പ്ടേ

ലത ടീച്ചറിന്‍റെ ചൂരല്‍ മോന്‍സിയുടെ കൈവെള്ളയിലേക്ക് പാറിപ്പറന്നതും ഒരുമിച്ചാരുന്നു. അതോടെ മോന്‍സിയുടെ കീറ്റല്‍ നിലവിളിയായി.
“ടീച്ചര്‍......ഇവനാ....എന്നെ” നിലവിളിയുടെ ഇടയില്‍ മോന്‍സി പറഞ്ഞൊപ്പിച്ചു. ടീച്ചര്‍ എന്നെ വീണ്ടും ചോദ്യം ചെയ്തപ്പോ ഞാന്‍ സമ്മതിച്ചു.

“പട്ടീന്നു വിളിച്ചില്ല പക്ഷെ”
“എന്തു പക്ഷെ?”
“അവനെന്‍റെ പെന്‍സിലിന്‍റെ മൊനയൊടിച്ചിട്ടാ”
“അപ്പൊ നീ വിളിച്ചു അല്ലെ?”
“ചെറുതായിട്ട്”

പ്ടേ പ്ടേ

പിന്നെയെല്ലാം ആക്ഷന്‍ ആയിരുന്നു. ആദ്യമേ മിണ്ടാതിരുന്നിരുന്നുവെങ്കില്‍ ഒന്നോ രണ്ടോ അടിയില്‍ നില്‍ക്കേണ്ടത്‌ ഞാന്‍ പത്തില്‍ എത്തിച്ചു. അപ്പോളും ഞാന്‍ ചിരിച്ചു കൊണ്ടിരുന്നു. എനിക്ക് അഞ്ചാറെണ്ണം കൂടുതല്‍ കിട്ടിയാലെന്താ എന്റെ മൊനയൊടിച്ച മോന്‍സിക്കിട്ട് ഒരെണ്ണം കൊടുപ്പിക്കാന്‍ പറ്റിയല്ലോ.

‘മോന്‍ ചത്താലെന്താ മരുമോള്‍ടെ കണ്ണീരു കാണാന്‍ പറ്റിയല്ലോ!!!!!’ 

ആദ്യമായി ടീച്ചറിന്‍റെ കയ്യീന്നു കിട്ടിയ അടിയെ ഓര്‍ത്ത്‌ മോന്‍സി കരഞ്ഞു. കുറഞ്ഞത് ഒരു പത്തു തല്ലെങ്കിലും മേടിച്ച് കൂട്ടിയ ഞാന്‍ അപ്പോളും ചിരിച്ചു കൊണ്ടേയിരുന്നു.

അതോടെ മോന്‍സി എന്‍റെ അടുക്കല്‍ നിന്നും കൂടും കുടുക്കയും എടുത്തുകൊണ്ട് അടുത്ത ബെഞ്ചിലേക്ക് താമസം മാറ്റി. ഞാന്‍ പുതിയ കൂട്ടുകാരിയായ ജെമിയുടെ അടുക്കലേക്കും. പാവം ജെമി. ഇനി എന്തൊക്കെ പണികളാണോ അവളെയും കാത്തിരിക്കുന്നത്!!!

 

 ഈ ഫോട്ടോയില്‍ കാണുന്നതാണ് മഹത്തരമായ ആ രണ്ടാം ക്ലാസ്സ്‌ 

4 comments:

  1. Nice one da..
    Write more.. Interesting to read..

    ReplyDelete
    Replies
    1. aliyaa ishtappettenkil blogil onnu join cheyyedeee.. frnds nodum koode share cheyy.. enneppolathe valarnnu varunna writer kk athoru motivation aayikkotte..

      Delete
    2. ഉടായിപ്പുകളിൽ ഞാനും എൻറെ സുഹൃത്തുക്കളും ആരുന്നു മുന്നില് എന്ന് ഞാൻ വിചാരിച്ചു , എവിടെ നിങ്ങടെ ബ്ലോഗ്‌ വായിച്ചപ്പോ ,മനസിലായി ,ഞാങ്ങളോളം അല്ലേല ഞങ്ങളെക്കാൾ ഒരു പിടി മുന്നില് നിങ്ങൾ തന്നെ

      Delete
    3. iyyyo njaan paavalle.. ithrem naalathe nammal thammilulla avihitha bandhathil ninnu manassilaayille..

      Delete